പഞ്ചായത്ത് ഉണ്ണിയും കൂട്ടാളിയും പിടിയിൽ: അറുപതിലേറെ ആക്രമണകേസുകളിലും ബോംബേറു കേസുകളിലും പങ്ക്!
കഴക്കൂട്ടം: നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തു. മേനംകുളംസ്വദേശി രതീഷ് (പഞ്ചായത്ത് ഉണ്ണി 38), ശ്രീകാര്യം ഇടവുക്കോട് സ്വദേശി അഭിലാഷ് (38) എന്നിവരെയാണ് ഷാഡോ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. വിയ്യൂർ ജയിലിൽകഴിയുന്ന കൊലക്കേസ് പ്രതികൾക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചുകൊടുത്ത കേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയാണ് അഭിലാഷ്.
കഴക്കൂട്ടത്തെ ഫ്ളാറ്റ് നിർമ്മാണക്കാരിൽ നിന്നു ഗുണ്ടാപിരിവ് നടത്തുകയും കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ശ്രീകാര്യം, ആറ്റിങ്ങൾ, മംഗലപുരം, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ അറുപതിലേറെ ആക്രമണകേസുകളിലും ബോംബേറു കേസുകളിലും പ്രതിയാണ് രതീഷ്. ഇയാൾ ആറുമാസം ജയിൽശിക്ഷകഴിഞ്ഞ് അടുത്തകാലത്തു പുറത്തിറങ്ങി അഭിലാഷുമായി ചേർന്ന് ഗുണ്ടാ ആക്രമണങ്ങളും മറ്റും നടത്തിയതായും പൊലീസ് പറഞ്ഞു.

ഏതാനും ദിവസം മുമ്പ് ഗുണ്ട കൂമ്പൻ സജുവിന്റെ സംഘം കല്പന കോളനിയിലെ സനൽകുമാറിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും പൊലീസിന് വിവരങ്ങൾ നൽകി എന്നാരോപിച്ച് മേനംകുളം പുതുവൽ പുത്തൻവീട്ടിൽ ഗോകുലിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കിയ കേസിലും പ്രതിയാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ്, ഡെപ്യൂട്ടി കമ്മിഷണർ ആദിത്യ എന്നിവരുടെ നിർദ്ദേശ പ്രകാരം കൺട്രോൾ റൂം എ.സി.പി സുരേഷ് കുമാർ, കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി അനിൽകുമാർ, കഴക്കൂട്ടം സി.ഐ എസ്.വൈ. സുരേഷ്, കഴക്കൂട്ടം എസ്.ഐ സുധീഷ് കുമാർ, ഷാഡോ എസ്.ഐ സുനിൽ ലാൽ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.












Click it and Unblock the Notifications