വിഴിഞ്ഞം സംഘർഷം: ആർച്ച് ബിഷപ്പ് ഒന്നാം പ്രതി, സഹായമെത്രാനും 50 വൈദികരും പ്രതിപ്പട്ടികയിൽ
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി എന്ന് റിപ്പോർട്ട്. സഹായമെത്രാൻ ആർ ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ എഫ്‌ഐആർ പുറത്തു വന്നു.
ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. സംഘർഷ ഭൂമിയിൽ നിന്നും ലഭിച്ച പരാതിക്ക് പുറമേ, സ്വമേധയായും പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
വിഴിഞ്ഞം സമരം മൂലമുള്ള നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാൻ സര്‍ക്കാര്‍; നഷ്ടം 200 കോടി
അക്രമത്തിന് എത്തിയവരുടെ വാഹനങ്ങളുടെ നമ്പർ അടക്കം എഫ്‌ഐആറിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. വൈദികർ അടക്കമുള്ള പ്രതികൾ കലാപത്തിന് ആഹ്വാനം നൽകിയെന്നും, ഇതര മതസ്ഥരുടെ വീട് ആക്രമിച്ചെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു. അമ്പതോളം വൈദികരുൾപ്പെടെ 95 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടർന്ന് ഇന്നലെയുണ്ടായ അക്രമങ്ങളിൽ തുറമുഖ പദ്ധതിയെ എതിർക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതിൽ തുറമുഖ പദ്ധതിയെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റർ ചെയ്തത്. തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് എടുത്തത്.
അതേസമയം,സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാൻ നടപടിയുമായി സർക്കാർ. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം നിർമാണക്കമ്പനി സർക്കാരിനെ അറിയിച്ചിരുന്നു. ഈ നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചതായാണ് സൂചന. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണനക്ക് വരും. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടഞ്ഞതിൽ സമരക്കാർക്കെതിരെ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നതും സർക്കാർ അന്വേഷിക്കുന്നുണ്ട്.
ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞിരുന്നു. ഇത് വലിയ പ്രശ്നങ്ങളിലേക്കാണ് എത്തിച്ചത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടി. കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു.