'കാലാവധി അവസാനിച്ചിട്ടും ഉയർന്ന ശമ്പളത്തിനുവേണ്ടി പദവിയിൽ തുടരുന്നു'; ചിന്തക്കെതിരെ ഗവർണർക്ക് പരാതി
അനുവദനീയമായതിലും അധികം കാലം പദവിയിൽ തുടരുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ ഗവർണർക്കാണ് പരാതി നൽകിയത്.

തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിനെ സ്ഥാനത്തുനിന്ന് നീക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. അനുവദനീയമായതിലും അധികം കാലം പദവിയിൽ തുടരുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ ഗവർണർക്കാണ് പരാതി നൽകിയത്.
യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാൻ അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് 2014ൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ആക്റ്റ് പ്രകാരം സ്ഥാപിതമായിരിക്കുന്നത്.
04- 10- 2016 ൽ ആണ് ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത്. 3 വർഷമാണ് നിയമന കാലാവധി.
യുവജന കമ്മീഷൻ ആക്റ്റ് അനുസരിച്ച് രണ്ട് തവണയാണ് ഒരാൾക്ക് ഈ തസ്തികയിൽ നിയമനം നേടാനുള്ള അവകാശം എന്നും പരാതിയിൽ പറയുന്നു. എന്നാൽ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ടു ആറു കൊല്ലം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാൻ അവർ തയ്യാറാകുന്നില്ല. പ്രവർത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കുവാൻ മാത്രം പദവിയിൽ തുടരുക അണെന്നും പരാതിയിൽ പറയുന്നു
ശമ്പള വിവാദം, ആഡംബര റിസോർട്ടിലെ താമസ വിവാദം തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ചിന്ത ജെറോമിനെ പുറത്താക്കണമെന്ന ആവശ്യവുമുയരുന്നത്. ചിന്ത ജെറോമിനെതിരെ പ്രതികരിച്ചതിന് തനിക്കെതിരെ വധഭീഷണി ഉണ്ടായി എന്ന് വിഷ്ണു സുനിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണറെ സമീപിച്ചിരിക്കുന്നത്..
2016 ൽ ആണ് യുവജന കമ്മീഷൻ അധ്യക്ഷയായി ചിന്ത ജെറോമിന് നിശ്ചയിച്ചത്. അന്ന് 50000 രൂപയായിരുന്നു ചിന്ത ജെറോമിന് നൽകിയിരുന്നത്. അന്ന് അധ്യക്ഷ സ്ഥാനത്തെ ശമ്പളം സർക്കാർ നിശ്ചയിച്ചിരുന്നില്ല. 2018 ൽ ഒരു ലക്ഷമായി ശമ്പളം നിശ്ചയിച്ചു. എന്നാൽ പിന്നീട് ഇതിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് ചിന്ത ജെറോം സംസ്ഥാന സർക്കാരിനെ സമീപിച്ചതോടെയാണ് വിവാദമായത്.
ഈ വിവാദത്തിനിടെയാണ് ചിന്ത ജെറോമിന്റെ പ്രബന്ധവുമായി ബന്ധപ്പെട്ട് വിവാാദം വരുന്നത് ,ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തിൽ എഴുതിയത്. ഇതിന് പിന്നാലെ സംഭവം വലിയ ചർച്ചയായി.












Click it and Unblock the Notifications