പോത്തൻകോട് മദ്യപ സംഘം മർദിച്ച് റോഡിൽ തള്ളിയ യുവാവ് മരിച്ചു, നാലംഗ സംഘത്തിനായി തെരച്ചിൽ
പോത്തൻകോട്: നാലംഗ മദ്യപ സംഘം ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിച്ച യുവാവ് മരിച്ചു. പോത്തൻകോട് ചന്തവിള മണ്ണറത്തൊടി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മൺവിള കോളനിയിൽ വിജയന്റെ മകൻ വിച്ചു എന്നു വിളിക്കുന്ന വിനയബോസ് (38 ) ആണ് മരിച്ചത്. സംഭവത്തിൽ പുല്ലാന്നിവിള സ്വദേശികളായ നാലുപേർക്കായി തെരച്ചിൽ ആരംഭിച്ചതായി പോത്തൻകോട് പൊലീസ് അറിയിച്ചു.
കഴിഞ്ഞ 22 ന് പുലർച്ചെ ഒരുമണിക്കായിരുന്നു സംഭവം. പുല്ലാനിവിള റോഡ് വഴി നടന്നു വരികയായിരുന്ന വിനയബോസിനെ പുല്ലാന്നിവിള കലിങ്കിന് സമീപം മദ്യപിച്ചിരുന്ന സംഘമാണ് പരസ്പരമുള്ള വാക്കുതർക്കത്തെതുടർന്ന് മർദിച്ച് റോഡിൽ തള്ളിയത്. മുക്കിൽ നിന്നും വായിൽ നിന്നും ചോരവാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടന്ന ഇയാളെ സമീപ വാസികൾ അറിയിച്ചതനുസരിച്ച് പോത്തൻകോട് പോലിസെത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

കഴിഞ്ഞ മൂന്നുദിവസമായി മെഡിക്കൽ കോളേജിലെ ഐ.സി.യു.വില ചികിത്സയിലായിരുന്ന വിനയബോസ് ഇന്നലെ പുലർച്ചെയോടെയാണ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനായ ഇയാൾ അവിവാഹിതനാണ്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കൊലപാതക ശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയതായി പോത്തൻകോട് സി.ഐ.എസ്.ഷാജി അറിയിച്ചു.












Click it and Unblock the Notifications