ഗുരുവായൂരിൽ കെഎൻഎ ഖാദർ ജയിക്കണം: തലശ്ശേരിയിൽ ഷംസീർ വിജയിക്കരുത്; സുരേഷ് ഗോപി
തൃശ്ശൂർ: നാമനിർദേശ പത്രിക തള്ളിയതോടെ ബിജെപി പ്രതിസന്ധിയിലായ മണ്ഡലങ്ങളാണ് തലശ്ശേരിയും ഗുരുവായൂരും. തൃശ്ശൂരിൽ ഡിഎസ്ജെപി സ്ഥാനാർത്ഥി ദിലീപ് നായർക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ ഗുരുവായൂരിൽ കെഎൻഎ ഖാദർ വിജയിക്കണെമന്നാണ് ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മറുപടി.

കെഎൻഎ ഖാദറിനൊപ്പം
എൻഡിഎയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ മറുപടി. നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് ആദ്യം പറഞ്ഞെങ്കിലും നോട്ടക്കല്ലെങ്കിൽ മറ്റാർക്ക് വോട്ട് ചെയ്യുമെന്ന ചോദ്യം വന്നതോടെ കെഎൻഎ ഖാദറിന് വോട്ടുചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. കെഎൻഎ ഖാദറിനെ തനിക്ക് നന്നായി അറിയാമെന്നും കെഎൻഎ ഖാദർ തന്നെ ഗുരുവായൂരിൽ വിജയിക്കണമെന്നും കൂട്ടിച്ചേർത്തു. ന്യൂസ് 18 സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു പ്രതികരണം.

സിപിഎമ്മിനെതിരെ
തലശ്ശേരിയിൽ എഎൻ ഷംസീർ ഒരു കാരണവശാലും വിജയിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. നോട്ടയ്ക്ക് അല്ലെങ്കിൽ സിപിഎമ്മിനെതിരെയാണ് വോട്ട് ചെയ്യേണ്ടത്. ഇതിനിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണയ്ക്കാൻ ചില നീക്കങ്ങളെല്ലാം നടന്നിരുന്നു. പാർട്ടിക്കുള്ളിൽ തന്നെ ഇതിന് എതിർപ്പുയർന്നതോടെ അന്തിമ നിലപാട് പാർട്ടി വ്യക്തമാക്കിയിട്ടില്ല.

പത്രിക തള്ളി
നാമനിർദേശ പത്രികയിലെ പിഴവിനെത്തുടർന്ന് ഗുരൂവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. നിവേദിതയുടെ നാമനിർദേശ പത്രിക തള്ളിയതാണ് ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാതെ സത്യവാങ്മൂലം സമർപ്പിച്ചത് ചൂണ്ടിക്കാണിച്ചാണ് എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക വരണാധികാരി തള്ളിയത്.

കോടതി കയ്യൊഴിഞ്ഞു
തലശ്ശേരിയിലെയും ഗുരുവായൂരിലെയും പത്രിക തള്ളിയ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഡിഎസ്ജെപിക്ക് പിന്തുണ നല്‍കാനുള്ള ബിജെപിയുടെ തീരുമാനം. നേരത്തെ സഖ്യ കക്ഷിയാവാന്‍ ഡിഎസ്ജെപി ശ്രമം നടത്തിയിരുന്നുവെങ്കിലും ഇത് നടപ്പായില്ല. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തനിക്ക് സമ്മതമാണെന്ന് ഡിഎസ്ജെപി എന്‍ഡിഎയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഖാദറിനെതിരെ മുഖ്യമന്ത്രി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ള പരസ്യ പ്രചാരണം ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ആരോപിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച ശേഷമാണ് ഗുരുവായൂരിൽ ഖാദര്‍ പ്രചാരണം തുടങ്ങുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം പുറത്ത് വന്നതോടെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവനകളുമായി രംഗത്തെത്തുന്നതെന്നായിരുന്നു പ്രസ്താവനയോട് കെഎന്‍എ ഖാദര്‍ പ്രതികരിച്ചത്.

സിപിഎമ്മിനെ ചൊടിപ്പിച്ചു
പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെഎന്‍എ ഖാദര്‍ പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ പൗരത്വനിയമം പാസാക്കിയപ്പോള്‍ അതിനെതിരായി കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെഎന്‍എ ഖാദറും അതിനെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് പ്രസ്തുത വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണെന്നും പിണറായി ആരോപിച്ചിരുന്നു.












Click it and Unblock the Notifications