Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലേര്‍ട്ട്, പൊരിങ്ങല്‍കുത്ത് സ്പില്‍വേ ഷട്ടറുകള്‍ തുറക്കും

തൃശൂര്‍ : ചൊവ്വാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുഴയോരങ്ങളിലും തീരപ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മഴ ശക്തമാവുന്ന സാഹചര്യമുണ്ടായാല്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ക്യാംപുകളിലേക്ക് മാറേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തണം. വിലപിടിപ്പുള്ള വസ്തുക്കള്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ കൈയെത്തും ദൂരത്തില്‍ സജ്ജമാക്കി വയ്ക്കണം. അധികൃതര്‍ നിര്‍ദ്ദേശം നല്‍കുന്ന മുറയ്ക്ക് വീടുകളില്‍ നിന്ന് ക്യാംപുകളിലേക്ക് മാറാന്‍ ജനങ്ങള്‍ സജ്ജരായി ഇരിക്കണം.

rain

മാറിത്താമസിക്കാനുള്ള നിര്‍ദ്ദേശം കിട്ടിയാലുടന്‍ മാറാന്‍ പാകത്തില്‍ ആളുകള്‍ തയ്യാറായിരിക്കണമെന്ന സന്ദേശം പ്രദേശത്തെ ഓരോ വീട്ടിലും എത്തിയെന്ന് ഉറപ്പുവരുത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചാലക്കുടി പുഴയ്ക്കു പുറമെ, മണലി, കുറുമാലി, ഭാരതപ്പുഴ എന്നിവയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ജില്ലയിലെ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളും ആവശ്യമായി വന്നാല്‍ മാറിത്താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തേ നടത്തണം.

മഴ ഇല്ലാതിരുന്ന കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഡാമുകളിലെ ജലം നിയന്ത്രിത അളവില്‍ തുറന്നുവിട്ടതു കാരണം ജലനിരപ്പ് നല്ല രീതിയില്‍ ക്രമീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ മഴ ശക്തമാവുന്നതോടെ ഡാമുകളിലെ ജല നിരപ്പ് ഉയര്‍ന്ന് അവ തുറക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള എല്ലാ നടപടികളും കൈക്കൊള്ളാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ, പൊലിസ്, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ താമസിപ്പിക്കുന്നതിനുള്ള ക്യാംപുകള്‍ സജ്ജമാക്കി അവിടെ വെള്ളം, വെളിച്ചം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണെന്ന് വില്ലേജ് ഓഫീസര്‍മാരെ വിട്ട് പരിശോധിച്ച് ഉറപ്പുവരുത്തി നാളെ രാവിലെ 10 മണിയോടെ റിപ്പോര്‍ട്ട് നല്‍കാനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട് . ഓരോ സ്ഥലത്തെയും ദുരന്തനിവാരണ ഉപകരണങ്ങള്‍ ഉപയോഗ സജ്ജമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അടിയന്തര സാഹചര്യം മുന്‍ നിര്‍ത്തി വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ 24 മണിക്കൂറും തങ്ങളുടെ ഹെഡ്കാര്‍ട്ടേഴ്സില്‍ തന്നെ ഉണ്ടായിരിക്കണം. നാളെ ഉച്ചയോടെ ഹാം റേഡിയോ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കും .

ശക്തമായ മഴയില്‍ കടല്‍ പ്രക്ഷുബ്ധമാവുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആരും കടലില്‍ പോവരുതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ട്രോളിംഗ് നിരോധനം അവസാനിക്കുന്ന സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. തീരപ്രദേശങ്ങളിലുള്ളവരും വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.

അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചില ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണം. മുന്‍കരുതലിന്റെ ഭാഗമായി ഈ പ്രദേശങ്ങളിലുള്ളവര്‍ ക്യാമ്പിലേക്ക് മാറണം. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും നിര്‍ദേശമുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുവേണം എല്ലാ കാര്യങ്ങളും ചെയ്യാനെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അറിയിപ്പ്

ഓഗസ്റ്റ് 2, 3, 4 തിയ്യതികളില്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഘട്ടംഘട്ടമായി സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കും. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ചാലക്കുടി പുഴയില്‍ 1.44 മീറ്ററാണ് നിലവിലെ ജലനിരപ്പ് . വാണിങ് ലെവല്‍ 7.10 മീറ്ററാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+