സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തൃശ്ശൂരില്‍ തുടക്കം, നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കും
തൃശൂര്‍: സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നേതാക്കള്‍ നേരിട്ട് ജനങ്ങളിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ട് കുറഞ്ഞ ഇടങ്ങളില്‍ വോട്ട് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി സിപിഎമ്മിന്റെ മുന്നിലുണ്ട്. കഴിഞ്ഞ ദിവസം തന്നെ യുഡിഎഫിനെ പ്രതിരോധിക്കാനുള്ള നീക്കം തുടങ്ങുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരിക്കലും യുഡിഎഫിന്റെ രീതിയല്ല സിപിഎമ്മിനുള്ളത്. സാധാരണ രണ്ട് ടേം കഴിഞ്ഞവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. കോണ്‍ഗ്രസിലും ലീഗിലും മരിക്കുവോളം മത്സരിക്കുക എന്നതാണ് രീതി. ഒരാള്‍ ഒരു തവണ ജയിച്ചാല്‍ പിന്നെ തുടര്‍ച്ചയായി മത്സരിക്കും. അത് 25 വര്‍ഷമോ അമ്പത് വര്‍ഷമോ നീളും. അതാണ് യുഡിഎഫിലെ സ്ഥിതി. ഒന്നുകില്‍ മരിച്ചിട്ട് പിരിയുക, അല്ലെങ്കില്‍ തോറ്റിട്ട് പിരിയുക എന്നതാണ് രീതി. ഇപ്പോള്‍ അവര്‍ മക്കളെയും ഇറക്കി പിന്തുടര്‍ച്ചയുണ്ടാക്കുന്നുവെന്ന് വിജയരാഘവന്‍ പറഞ്ഞു.

നാലര വര്‍ഷത്തെ ഭരണനേട്ടം വീടുകളിലേക്ക് എത്തിക്കുകയാണ് എന്നതാണ് ലക്ഷ്യം. ഈ മാസം 31 വരെ ഗൃഹസന്ദര്‍ക്ക പരിപാടി തുടരുമെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് മുസ്ലീം ലീഗിന് കീഴടങ്ങി ദുര്‍ബലമായി. ലീഗിന്റെ അധികാര മോഹങ്ങള്‍ക്ക് കുടപിടിക്കുകയാണ്. കോണ്‍ഗ്രസ്. ബിജെപി മതരാഷ്ട്രീയമുയര്‍ത്തി നിലയുറപ്പിക്കുന്നു. അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം പുതുതലമുറയുടെ സ്വപ്‌നങ്ങള്‍ക്കും പരിഹാരം കാണണം. 50 വര്‍ഷം മുമ്പുള്ള കേരളം കണ്ടുകൊണ്ട് വികസനം രൂപപ്പെടുത്താനാവില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
അതേസമയം കൂടുതല്‍ ജനവിഭാഗങ്ങളുടെ അഭിപ്രായം കേള്‍ക്കലാണ് ഗൃഹസന്ദര്‍സനം കൊണ്ട് ലക്ഷ്യമിടുന്നത്. സിപിഎം ജനങ്ങളുടെ പാര്‍ട്ടിയാണ്. അഴിമതി ആരോപണങ്ങളേക്കാള്‍ ജനങ്ങള്‍ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. മാധ്യമങ്ങളും പ്രതിപക്ഷവും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. അത്തരം ചില ആരോപണങ്ങളുടെ വാര്‍ഷികം വരെ ആഘോഷിക്കാറായിട്ടുണ്ട്. മതവിദ്വേഷമുണ്ടാക്കും വിധം ആക്ഷേപമുയര്‍ത്തുന്നത് അപകടമാണെന്നും വിജയരാഘവന്‍ പറഞ്ഞു.