മുസിരിസ് പദ്ധതി പ്രദേശം കണ്ടറിയാൻ ഹെറിറ്റേജ് സൈക്കിൾ റൈഡ്
തൃശ്ശൂർ; മുസിരിസ് പദ്ധതി പ്രദേശം കണ്ടറിയാൻ ഹെറിറ്റേജ് സൈക്ലിംഗ്. കേരളത്തിലെ വിവിധ സൈക്ലിംഗ് ക്ലബ്ബുകളെ പങ്കെടുപ്പിച്ചുള്ള മുസിരിസ് സൈക്ലിംഗ് സീരിസിന്റെ ഭാഗമായി ഹെറിറ്റേജ് സൈക്കിൾ റൈഡിന് തുടക്കമിട്ടത്. 2021 ജനുവരി മൂന്ന് വരെ നീണ്ടു നിൽക്കുന്ന ദശദിന പരിപാടിയിൽ, കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറ് സൈക്ലിസ്റ്റുകൾ മുസിരിസ് പൈതൃക പദ്ധതിയുടെ വിവിധ മ്യൂസിയങ്ങളും സ്മാരകങ്ങളും സന്ദർശിക്കും.
ആദ്യ ദിവസത്തെ റൈഡിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50 റൈഡർമാർ പങ്കെടുത്തു. മുസിരിസ് പദ്ധതിപ്രദേശം പൂർണമായും സൈക്കിൾ റൈഡിലൂടെ കണ്ടറിയുകയാണ് യാത്രയുടെ ഉദ്ദേശം. ഓരോ ദിവസവും 50 പേരടങ്ങുന്ന സംഘം വീതമാണ് മുസിരിസ് മുനക്കൽ ബീച്ച് കേന്ദ്രീകരിച്ച് സൈക്ലിംഗ് ആരംഭിക്കുക. ഇവിടെ നിന്ന് മുഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് മ്യൂസിയം, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം വാട്ടർ ഫ്രണ്ട്, പറവൂർ സിനഗോഗ്, പാലിയം കൊട്ടാരം, പാലിയം നാലുകെട്ട്, ചേന്ദമംഗലം സിനഗോഗ് എന്നിവിടങ്ങളിൽ
എത്തിച്ചേരും.
ആദ്യത്തെ സൈക്ലിംഗ് താരങ്ങൾ റൈഡിന് ശേഷം അഴീക്കോട് അഴിമുഖത്തേക്ക് ബോട്ട് സവാരി നടത്തുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ മ്യൂസിയം മാനേജർമാരായ സജ്‌ന വസന്തരാജ്, കെ ബി നിമ്മി, ജൂനിയർ എക്സിക്യൂട്ടീവ് അഖിൽ എസ് ഭദ്രൻ, എൻ എം ഹാഷിം എന്നിവർ സ്വീകരിച്ചു.
മുസിരിസ് ഹെറിറ്റേജ് സൈക്ലിംഗ് സീരീസിന്റെ ഭാഗമായി 2021 ജനുവരിയിൽ പൊന്നാനി മുതൽ ആലപ്പുഴ പൈതൃക പദ്ധതി വരെ മുസിരിസ് പദ്ധതി പ്രദേശങ്ങളിലൂടെ കേരളത്തിലെ വിവിധ സൈക്ലിംഗ് ക്ലബ്ബുകളെ സംയോജിപ്പിച്ചു കൊണ്ട് സൈക്ലിംഗ് ഇവന്റ് സംഘടിപ്പിക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു.