മരത്തില്‍ കെട്ടി മര്‍ദ്ദിച്ചും വെട്ടിയും യുവാവിനെ കൊന്നു; യുവതി ഉള്‍പ്പെടെ പിടിയില്‍, തൃശൂരില്‍...
തൃശൂര്‍: വേലൂര്‍ ചുങ്കത്തിന് സമീപം കോടശേരി കോളനിയില്‍ യുവാവിനെ വെട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തി. തണ്ടിലം മനയ്ക്കലകത്ത് വീട്ടില്‍ കൃഷ്ണന്റെ മകന്‍ സനീഷ് (27) ആണ് മരിച്ചത്. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മരത്തില്‍ കെട്ടിയിട്ട് പരസ്യമായിട്ടാണ് കൊലപാതകം നടത്തിയത്. ശേഷം പോലീസ് എത്തുംമുമ്പ് മുങ്ങിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പൊക്കുകയായിരുന്നു...

മൂന്ന് പ്രതികള്‍ ഇവരാണ്
വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോടശേരി കോളനിയില്‍ നിത്യ സന്ദര്‍ശകനായിരുന്നു സനീഷ്. ഇവിടെ പ്രതികളുടെ വീട്ടിലെത്തിയ സനീഷുമായി വാക്കുതര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ചിയ്യാരം ആലംവെട്ടുവഴി ഇസ്മാഈല്‍, ഭാര്യ സമീറ എന്ന നാഗമ്മ, ഇസ്മാഈലിന്റെ സുഹൃത്ത് മണ്ണൂത്തി വലിയകത്ത് വീട്ടില്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്.

മരത്തില്‍ കെട്ടി മര്‍ദ്ദിച്ചു
കോളനിയിലെത്തിയ സനീഷ്, സമീറയുടെ വീട്ടില്‍ വച്ച് പ്രതികള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടെയാണ് വാക്കു തര്‍ക്കവും അടിപിടിയുമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ കോളനിയിലുള്ളവര്‍ ഒഴിഞ്ഞുപോയി. ശേഷം രാത്രി പത്ത് മണിയോടെ തിരിച്ചെത്തിയപ്പോള്‍ സനീഷിനെ മരത്തില്‍ കെട്ടി മര്‍ദ്ദിക്കുന്നതാണ് കണ്ടത്.

കൊടുവാള്‍ വീശി
മര്‍ദ്ദനം തടയാന്‍ ശ്രമിച്ച കോളനിക്കാര്‍ക്ക് നേരെ ഇസ്മാഈല്‍ കൊടുവാള്‍ വീശി. കോളനിക്കാര്‍ വിളിച്ചത് പ്രകാരം ആംബുലന്‍സ് എത്തി. എന്നാല്‍ കൊണ്ടുപോകാന്‍ പ്രതികള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പോലീസിനെ വിളിക്കുകയായിരുന്നു. ഈ വേളയില്‍ പ്രതികള്‍ സനീഷിന്റെ ബൈക്കില്‍ രക്ഷപ്പെട്ടു.

റൗഡി ലിസ്റ്റിലുള്ളവര്‍
എരുമപ്പെട്ടി പോലീസ് സ്‌റ്റേഷനില്‍ റൗഡി ലിസ്റ്റിലുള്ള വ്യക്തിയാണ് സനീഷ്. ഇസ്മാഈലും അസീസും ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. സനീഷിന്റെ തലയില്‍ കൊടുവാള്‍ കൊണ്ട് വെട്ടിയിട്ടുണ്ട്. മാത്രമല്ല, കല്ല് കൊണ്ട് ഇടിക്കുകയും ചെയ്തു. ക്രൂരമായി കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.

പോലീസ് അന്വേഷണം ഇങ്ങനെ
കുന്നംകുളം എസ്പി സിടി മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്. കോളനിവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ പഴയ കേസുകളുള്ള സ്റ്റേഷനുകളില്‍ ബന്ധപ്പെട്ടു. സുഹൃത്തുക്കളെ കുറിച്ച് ചോദിച്ചറിഞ്ഞു.

രഹസ്യ കേന്ദ്രങ്ങള്‍
തൃശൂരിലെ ഗുണ്ടാതലവനായിരുന്ന ചാപ്ലി ബിജുവിന്റെ സംഘത്തില്‍പ്പെട്ട വ്യക്തിയാണ് ഇസ്മാഈല്‍. ഇവരുടെ രഹസ്യ കേന്ദ്രങ്ങള്‍ പോലീസ് മനസിലാക്കി. തുടര്‍ന്ന് കുന്നംകുളത്തിനടുത്ത വീട്ടില്‍ കഴിയുന്നുണ്ടെന്ന് വ്യക്തമായി. വേഷം മാറിയെന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ കെകെ ഭൂപേഷ്, വടക്കാഞ്ചേരി ഇന്‍സ്‌പെക്ടര്‍ മാധവന്‍കുട്ടി, എരുമപ്പെട്ടി എസ്‌ഐമാരായ പിആര്‍ രാജീവ്, കെകെ സനല്‍കുമാര്‍, ചേലക്കര എസ്‌ഐ രവി എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

കൈകാലുകള്‍ കെട്ടിയത് സമീറ
സനീഷിന്റെ കൈകാലുകള്‍ കെട്ടിയത് സമീറയാണെന്ന് പോലീസ് കണ്ടെത്തി. മണിക്കൂറുകളോളം മര്‍ദ്ദിച്ചതാണ് മരണത്തിന് കാരണമായത്. സനീഷിന്റെ കരച്ചില്‍ കുന്നിന് താഴെയുള്ളവര്‍ കേട്ടിരുന്നു. പക്ഷേ, കോളനിയില്‍ വഴക്ക് പതിവായിരുന്നതിനാല്‍ കാര്യമാക്കിയില്ലെന്ന് അവര്‍ പറഞ്ഞു.

കൊലപാതകത്തിന് കാരണം
സനീഷും സമീറയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവത്രെ. സമീറയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇസ്മാഈല്‍. ഇയാള്‍ ആറ് വര്‍ഷം മുമ്പ് സമീറയെ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്നും സമീറയും സനീഷും ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
അമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോ