തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി, ഇലക്ട്രിക് പോസ്റ്റുകള്‍ പൊട്ടി വീണു, മരങ്ങള്‍ കടപുഴകി, വൻ നാശനഷ്ടം
തൃശൂര്‍: തൃശൂർ ജില്ലയിൽ വീണ്ടും മിന്നല്‍ ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിളളി എന്നിവിടങ്ങളിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. ഈ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകള്‍ പൊട്ടി വീണു. തോട്ടം പ്രദേശമായത് കൊണ്ട് തന്നെ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.
മരം കടപുഴകി വീണ് ഒരു വീടിന് നാശനഷ്ടമുണ്ടായി. ശാസ്താംവളപ്പില്‍ വിലാസിനിയുടെ വീടിന് പുറത്തേക്കാണ് മരം വീണത്. വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തൃശൂരില്‍ മൂന്ന് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് മിന്നല്‍ ചുഴലിയുണ്ടാകുന്നത്. എവിടെ എപ്പോഴുണ്ടാകും എന്നത് പ്രവചിക്കാന്‍ സാധിക്കില്ല എന്നതാണ് മിന്നല്‍ ചുഴലിയെ അപകടകാരിയാക്കുന്നത്.

കഴിഞ്ഞ മാസവും തൃശൂരില്‍ മിന്നല്‍ ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്തുണ്ടായ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകുകയും വൈദ്യുതി പോസ്റ്റുകള്‍ക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തു. കാറ്റില്‍ ഒരു വീടിന്റെ മേല്‍ക്കൂര പറന്ന് തൊട്ടടുത്തുളള സ്‌കൂളില്‍ ചെന്നാണ് വീണത്. അതിന് തൊട്ട് മുന്‍പത്തെ ദിവസം അന്നമനട, മാള എന്നീ പ്രദേശങ്ങളിലും മിന്നല്‍ ചുഴലിക്കാറ്റ് വീശി. അന്ന് നിരവധി വീടുകള്‍ തകരുകയും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ്് പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെടുകയുമുണ്ടായി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പും അന്നമട പ്രദേശത്ത് മിന്നല്‍ ചുഴലിക്കാറ്റ് വീശിയിരുന്നു.












Click it and Unblock the Notifications