കളമശ്ശേരി സ്‌ഫോടനം: ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, 'ബോംബ് വെച്ചത് ഞാന്‍'
തൃശൂര്‍: കളമശ്ശേരി സ്‌ഫോടനത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. കൊച്ചി സ്വദേശിയാണ് ഇയാള്‍. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഡൊമിനിക് മാര്‍ട്ടിന്‍ എന്നായാളാണ് കീഴടങ്ങിയത് എന്ന് എ ഡി ജി പി പറഞ്ഞു. ഇതേ സഭയിലെ അംഗമാണ് ഇയാള്‍. സ്ഫോടനം നടത്തിയതിന് തെളിവായി ചില കാര്യങ്ങള്‍ കാണിച്ചു എന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് എ ഡി ജി പി അറിയിച്ചു.

അതിനിടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. പൊലീസും ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. ഗുജറാത്ത് സ്വദേശിയാണ് ഇയാള്‍.
ഇന്ന് രാവിലെ 9.45 ഓടെയാണ് യഹോവായ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന സമയത്ത് 2500 ഓളം പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടുണ്ട്. 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
കളമശ്ശേരി മെഡിക്കല്‍ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്ന് ദിവസമായി തുടരുന്ന പ്രാര്‍ഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം. മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവ സ്ഥലത്ത് പൊലീസിന്റേയും ഫയര്‍ ഫോഴ്‌സിന്റെയും പരിശോധന നടന്ന് വരികയാണ്.
അതേസമയം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം മുഴുവന്‍ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്തണം. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന് 22 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന സമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications