വായ്പയെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍നിന്നു ആറുലക്ഷം തട്ടി: യുവാവ് അറസ്റ്റില്‍
തൃശൂര്‍: വക്കീല്‍ ഗുമസ്തയായ യുവതിക്ക് സ്വകാര്യ ബാങ്കില്‍നിന്നും നാല് ലക്ഷം രൂപ വായ്പയെടുത്ത് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വായ്പയുടെ കടലാസ് ജോലികള്‍ക്കായി വിവിധ ഘട്ടങ്ങളിലായി ആറുലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ചാവക്കാട് പുന്നയൂര്‍ പഞ്ചവടി കളത്തിങ്കല്‍ റഫീക്കി (35) നെയാണ് എസ്.ഐ. യു.കെ. ഷാജഹാന്‍ വഞ്ചനാക്കുറ്റത്തിന് അറസ്റ്റുചെയ്തത്.
വക്കീല്‍ ഗുമസ്തയും വിധവയും ഒരു കുട്ടിയുടെ അമ്മയുമായ ചൂണ്ടല്‍ സ്വദേശിനിയായ യുവതിയെയാണ് റഫീക്ക് വായ്പ നല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം വഞ്ചിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ മാസം 17 നാണ് തട്ടിപ്പിനിരയായ യുവതി കുന്നംകുളം പോലീസില്‍ രേഖാമൂലം പരാതി നല്‍കിയത് . പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് കണ്ണുവെട്ടിച്ച് മുങ്ങി നടന്നിരുന്ന റഫീക്കിനെ തന്ത്രപൂര്‍വം കുന്നംകുളത്തെത്തിച്ചശേഷമാണ് പോലീസ് അറസ്റ്റുചെയ്തത്.

ദീര്‍ഘകാലം ഗര്‍ഫിലായിരുന്ന റഫീക്ക് ആദ്യ ഭാര്യയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് തൃശൂര്‍ കുടുംബ കോടതിയില്‍ നടക്കുന്ന കേസിനിടെയാണ് വക്കീല്‍ ഗുമസ്തയായ യുവതിയെ പരിചയപ്പെടുന്നത്. അടുത്ത സൗഹൃദം വച്ചുപുലര്‍ത്തിയ യുവതിക്ക് കെ.വി.യെസ് എന്ന് പേരായ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ആദ്യം ഒരു ലക്ഷം രൂപ വായ്പ വാങ്ങിത്തരാമെന്ന് റഫീക്ക് പറഞ്ഞിരുന്നു. പിന്നീട് നാല് ലക്ഷം രൂപയായി വര്‍ധിപ്പിച്ച് വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. വായ്പ ശരിയാക്കുവാനായി കടലാസ് ജോലികള്‍ പൂര്‍ത്തീകരിക്കാനാണെന്ന് പറഞ്ഞ് റഫീക്ക് യുവതിയില്‍നിന്ന് വിവിധ ഘട്ടങ്ങളിലായി ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. നാല് ലക്ഷം രൂപ വായ്പക്കായി ആറ് ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചശേഷമാണ് യുവതി പോലീസില്‍ പരാതി നല്കിയത്.
ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയശേഷം റഫീക്ക് യാതൊരു ജോലിക്കും പോയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസില്‍ ലഭിച്ച പരാതിയില്‍ വായ്പയെടുത്ത് നല്‍കാമെന് സൂചിപ്പിച്ച കെ.വി.യെസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം പോലീസ് അന്വേഷണത്തില്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇങ്ങനെയൊരു പേരില്‍ യാതൊരു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. പലതരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയാണ് ഇയാള്‍ ജീവിക്കുന്നതെന്ന് പോലീസ് സൂചിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ കോടിയില്‍ ഹാജരാക്കി.












Click it and Unblock the Notifications