തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല യുവതീ പ്രവേശനം; തൃശൂരില്‍ വ്യാപക അക്രമം, കടകള്‍ അടപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു... അപ്രഖ്യാപിത ഹര്‍ത്താലിൽ ജനം വലഞ്ഞു, സ്ത്രീകളും കുട്ടികളുമടക്കം വഴിയില്‍ കുടുങ്ങി, മന്ത്രി കടകംപള്ളിക്കെതിരേ കരിങ്കൊടി!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചു തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സ്വരാജ് റൗണ്ടില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പോലീസുകാരും പ്രതിഷേധക്കാരും ഏറ്റുമുട്ടി. നായ്ക്കനാലില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി വരുന്നതിനിടെ പല ഭാഗത്തുമുണ്ടായിരുന്ന ബാരിക്കേഡുകള്‍ തള്ളിയിട്ടു.

യുവതി പ്രവേശം നവോത്ഥാന മതിലെന്ന നാടകത്തിന്റെ ക്ലൈമാക്‌സ്; രാഷ്ട്രീയ ഗൂഢാലോചന, ശബരിമലയെ മറ്റൊരു അയോധ്യയാക്കുകയാണ് സിപിഎം ലക്ഷ്യമെന്ന് കെപിസിസി

പാറമേക്കാവ് ജങ്ഷനില്‍ റോഡിലെ ബാരിക്കേഡുകള്‍ പ്രതിഷേധിക്കാര്‍ തകര്‍ക്കാനും തള്ളിയിടാനും ശ്രമിക്കുന്നതു പകര്‍ത്താന്‍ ശ്രമിച്ച പോലീസ് വീഡിയോഗ്രാഫര്‍ക്കെതിരേ കൈയേറ്റത്തിന് ശ്രമിച്ചു. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ നേരിയ സംഘര്‍ഷം. തുടര്‍ന്ന് പ്രകടനം തെക്കേ ഗോപുരനടയിലെത്തി. സ്വരാജ് റൗണ്ടില്‍ കുത്തിയിരുന്ന് ഉപരോധം നടത്തി പ്രതിഷേധിച്ചവരെ പോലീസ് നീക്കം ചെയ്തു.

Thrissur

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, മാള, ഗുരുവായൂര്‍, കുന്നംകുളം, മുണ്ടൂര്‍, ചേര്‍പ്പ്, മണലൂര്‍, ചാലക്കുടി, വാടാനപ്പള്ളി, തൃപ്രയാര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. ചെറിയ സംഘര്‍ഷാവസ്ഥയുണ്ടായി. പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താലായിരുന്നു.

ഇതോടെ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ വഴിയില്‍ കുടുങ്ങി. ഗുരുവായൂരില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. ഗുരുവായൂരില്‍ പാര്‍ഥസാരഥി ക്ഷേത്രവിമോചന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളടക്കം നാല്‍പതോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.

മഞ്ജുളാല്‍ പരിസരത്തുനിന്ന് നാമജപവുമായെത്തിയവരെ റെയില്‍വേ പ്രവേശനകവാടത്തില്‍ പോലീസ് തടഞ്ഞു. റോഡില്‍ ബാരിക്കേഡുപയോഗിച്ച് പോലീസ് പ്രതിരോധം തീര്‍ത്തതിനാല്‍ ഇവര്‍ക്ക് ക്ഷേത്ര വളപ്പിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഗുരുവായൂരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ സിഐ പ്രേമാനന്ദകൃഷ്ണനു പരുക്കേറ്റു. പ്രവര്‍ത്തകരെയും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി ഗോപിനാഥിനെ അറസ്റ്റ് ചെയ്തു.

വടക്കാഞ്ചേരിയില്‍ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. കടകള്‍ അടപ്പിച്ചു. വിസമ്മതിച്ചവരുടെ കടകള്‍ ആക്രമിച്ചു. ബസുകള്‍ തടഞ്ഞു, ബസുകളള്‍ക്കു നേരെയും അക്രമമുണ്ടായി. കൊടകര, ചാലക്കുടി, മാള, ഇരിങ്ങാലക്കുട, നാട്ടിക തുടങ്ങിയ ഇടങ്ങളില്‍ പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. വനിതാ മതിലിന്റെ പ്രചാരണ ബോര്‍ഡുകളും എട്ട്, ഒമ്പത് തീയതികളില്‍ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണബോര്‍ഡുകളും തകര്‍ത്തു. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, പെരിങ്ങോട്ടുകര, ഊരകം, ചാഴൂര്‍ പ്രദേശങ്ങളിലും കൊടിയും ബോര്‍ഡുകളും നശിപ്പിച്ചു.

ബി.ജെ.പി. സംഘപരിവര്‍ പ്രവര്‍ത്തകര്‍ ഒല്ലൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വ്യാപാരികള്‍ ചെവികൊണ്ടില്ല. തുടര്‍ന്ന് ഭീഷണിപ്രയോഗം നടത്തിയെങ്കിലും കച്ചവടക്കാര്‍ ഒരുമയോടെ നിന്നതിനാല്‍ പ്രവര്‍ത്തകര്‍ തിരികെ പോകുകയായിരുന്നു. വെട്ടുകാട് സെന്ററില്‍ രണ്ടുമണിക്ക് ബിജെപി പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞതിനാല്‍ തൃശൂര്‍- മാന്ദാമംഗലം റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. ജോലി കഴിഞ്ഞു തിരികെ വരുന്ന സ്ത്രീകളടക്കമുള്ള യാത്രികര്‍ വഴിയില്‍ കുരുങ്ങി. പട്ടിക്കാട് മേഖലയില്‍ കടകളടക്കാനുള്ള ആഹ്വാനത്തെ വ്യാപാരികള്‍ തള്ളിയതിനെ തുടര്‍ന്ന് പീച്ചി റോഡില്‍നിന്നും ബിജെപി പ്രവര്‍ത്തകര്‍ പട്ടിക്കാട് സെന്ററിലേക്ക് ജാഥ നടത്തി.

ഹര്‍ത്താലില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടപ്പിച്ചും ഗതാഗതം സ്തംഭിപ്പിച്ചും ജനജീവിതം ദുഹസമാക്കുന്ന നിര്‍ബന്ധ ഹര്‍ത്താലില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ കൂടിയ വ്യാപാരികളുടെ അടിയന്തിരയോഗം ശക്തിയായി പ്രതിഷേധിച്ചു. വ്യാപാരികളുടെ ജീവനും സ്വത്തിനും മതിയായ പോലീസ് സംരക്ഷണം ഉറപ്പ് ലഭിക്കുന്നപക്ഷം തൃശൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു.


വ്യാപാരികള്‍ക്ക് സ്ഥാപനങ്ങള്‍ തുരന്ന് പ്രവര്‍ത്തിക്കുവാനാശ്യമായ സംരക്ഷണ നടപടികളുണ്ടാകണമെന്ന് പോലീസ് മേധാവികളോടും ജില്ലാ അധികൃതരോടും നിര്‍ബന്ധ കടയടപ്പിക്കല്‍ നടപടികളില്‍നിന്ന് പിന്തിരിയണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടും യോഗം അഭ്യര്‍ഥിച്ചു.

വ്യാപാര മേഖലകള്‍ക്ക് നാശനഷ്ടം വരുത്തുന്നതും ജനജീവിതം സ്തംഭിപ്പിക്കുന്നതുമായ ഹര്‍ത്താലുകളില്‍ പ്രതിഷേധിച്ചും പ്രതികരിച്ചും ഹര്‍ത്താല്‍ ദിവസം രാവിലെ 10ന് വ്യാപാരികള്‍ വായ് മൂടികെട്ടി ചേംബര്‍ ഓഫ് കോമേഴ്‌സ് പരിസരത്തുനിന്ന് പ്രകടനം നടത്താനും തീരുമാനിച്ചു.

യോഗത്തില്‍ ചേംബര്‍ പ്രസിഡന്റ് ടിആര്‍ വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. എംആര്‍ ഫ്രാന്‍സിസ്, വര്‍ഗീസ് മാളിയേക്കല്‍, ഡോ. എം ജയപ്രകാശ്, എന്‍ഐ വര്‍ഗീസ്, സിഎ സലീം, ഡോളി തോമസ്, ഷൈന്‍ തറയില്‍, ടോജോ മാത്യു, മധു നാരായണന്‍, റിച്ചു, എംജെ ജോജു, ടോഫി നെല്ലിശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുന്നംകുളത്ത് കടകള്‍ അടപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു

ശബരിമലയില്‍ യുവതികള്‍ കയറി ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉച്ചയോടെ പ്രതിഷേധ പ്രകടനം നടത്തി. നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിച്ചു. സ്വകാര്യബസുകള്‍ തടഞ്ഞതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി. പോലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയ 150 പേര്‍ക്കെതിരെ കേസെടുത്തു.

പ്രതിഷേധ പ്രകടനത്തിനിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. വനിത മതിലിന്റെ ബോര്‍ഡുകള്‍ ബി.ജെ.പി. ക്കാര്‍ വലിച്ച് താഴെയിട്ട് നശിപ്പിച്ചു. ഒരു മണിക്കൂര്‍ നഗരത്തില്‍ പ്രകോപനം സൃഷ്ടിച്ച് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കറങ്ങി നടന്നു. ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. എസ്ഐ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസ് സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല.

കടകംപള്ളിക്കെതിരേ പ്രതിഷേധം

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയ മന്ത്രിക്കെതിരെ പൊടുന്നനെയാണു പ്രതിഷേധമുയര്‍ന്നത്. പാര്‍ത്ഥസാരഥി ക്ഷേത്രവിമോചന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളടക്കം നാല്‍പതോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എസ്പി എംകെ പുഷ്‌കരന്റെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ജലപീരങ്കി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഉണ്ടായിരുന്നു. പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്കിടയാക്കി.

പ്രതിഷേധം കണക്കിലെടുത്ത് മന്ത്രിയ്ക്ക് മറ്റൊരു വഴിയിലൂടെ യാത്രചെയ്യേണ്ടി വന്നു. പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍നിന്ന് നൂറ് മീറ്റര്‍ ദൂരമുള്ള സ്ഥലത്തേക്ക് ഒരു കിലോമീറ്ററിലധികം ചുറ്റി സഞ്ചരിച്ചാണ് നഗരസഭയുടെ ചടങ്ങിലേക്ക് പോയത്. പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് തിരക്കേറിയ ഔട്ടര്‍ റിങ് റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മന്ത്രി പോയതിന് ശേഷം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവര്‍ക്കെതിരെ കേസെടുത്തതായി ടെമ്പിള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ അറിയിച്ചു.

മന്ത്രിയുടെ മടക്കം വൈകി

ഗുരുവായൂരിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതിഷേധത്തെ തുടര്‍ന്ന് മടക്കയാത്ര വൈകിക്കേണ്ടി വന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധം കണക്കിലെടുത്താണ് യാത്ര വൈകിപ്പിച്ചത്. രാവിലെ പതിനൊന്നിനുള്ള പരിപാടിക്കായി 10നു മുമ്പേ മന്ത്രി ഗുരുവായൂരിലെത്തിയിരുന്നു. പന്ത്രണ്ടോടെ പരിപാടികള്‍ കഴിഞ്ഞെങ്കിലും ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ തങ്ങുകയായിരുന്നു. കനത്ത പോലീസ് കാവലിലായിരുന്നു വിശ്രമം. മൂന്നരയോടെ കനത്ത പോലീസ് കാവലിലാണ് മന്ത്രി കൊച്ചിയിലേക്ക് പോയത്.

Thrissur
English summary
Sabarimala issue; Massiv violance in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X