വീണ്ടും തെരുവുനായ ആക്രമണം; തൃശൂരില്‍ അമ്മയ്ക്കും മകള്‍ക്കും കടിയേറ്റു
തൃശൂര്‍: തെരുവുനായയുടെ കടിയേറ്റ് അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. തൃശൂര്‍ മുണ്ടക്കയത്ത് താഴം റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. മുക്കക്കണ്ടത്ത് സുരേഷിന്റെ ഭാര്യ ബിന്ദു ( 44), മകള്‍ ശ്രീക്കുട്ടി ( 22) എന്നിവര്‍ക്കാണ് കടിയേറ്റത്. കടയിലേക്ക് നടന്നു പോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവുനായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേല്‍ക്കുകയായിരുന്നു. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം, കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ തെരുവുനായയുടെ കടിയേറ്റ് 11 വയസുകാരന്‍ മരിച്ചിരുന്നു. സംസാരശേഷിയില്ലാതിരുന്ന നിഹാല്‍ നൗഷാദിനെ തെരുവുനായ്ക്കള്‍ കടിച്ചകീറുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചര മുതലാണ് നിഹാലിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി എട്ട് മണിയോടെ 300 മീറ്റര്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് നിഹാലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചുപറിച്ച പാടുകള്‍ ഉണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ് പാടുകളുണ്ട്. പ്രദേശത്ത് തെരുവ് നായയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിയുടെ അരയ്ക്ക് താഴെയാണ് ഗുരുതരമായ കടിയേറ്റത് എന്നാണ് വിവരം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു. ജൂലൈയില്‍ കണ്ണൂര്‍ ഗവ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
ഇതിനിടെ നിഹാലിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികളെന്ന് വി ഡി സതീശന്‍ പറഞ്ഞു. 'സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് 30 ന് അടിയന്തരപ്രമേയമായി നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്'- വി ഡി സതീശന്‍ പറഞ്ഞു.
'തെരുവ് നായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിന്റെ പരിണിത ഫലമാണ് നിഹാല്‍ നൗഷാദിന്റെ ജീവന്‍ നഷ്ടമാക്കിയത്. മുഴപ്പിലങ്ങാട് മാസങ്ങള്‍ക്ക് മുന്‍പും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും കഴിയുന്നില്ല'
'ജനം ഭീതിയില്‍ കഴിയുമ്പോഴും തെരുവ് നായകളെ പിടികൂടാനുള്ള പദ്ധതികള്‍ കോള്‍ഡ് സ്റ്റോറേജിലാണ്. സംസ്ഥാനത്ത് പലയിടത്തും മാലിന്യ നീക്കം നിലച്ചതും തെരുവ് നായ്ക്കള്‍ വ്യാപകമാകാന്‍ കാരണമായി. മൂന്ന് വര്‍ഷമായി നായ്ക്കളെ സ്റ്റെര്‍ലൈസ് ചെയ്യുന്നില്ല. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എ.ബി.സി പദ്ധതിയും നിശ്ചലമായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. പിടികൂടുന്ന നായകളെ സംരക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും കഴിയുന്നില്ല'- വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications