തൃശൂരില്‍ തെരുവുനായ ആക്രമണം; ആറ് ആടുകള്‍ കടിയേറ്റ് ചത്തു
തൃശൂര്‍: മതിലകത്ത് തെരുവുനായ ആക്രമണം. ആക്രമണത്തില്‍ ആറ് ആടുകള്‍ ചത്തു. അഞ്ച് ആടുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലൂപ്പറമ്പില്‍ നസീബിന്റെ ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. വീട് പണി നടക്കുന്നതിനാല്‍ നസീബിന്റെ തൊട്ടടുത്ത പറമ്പിലാണ് ആടുകളെ കെട്ടിയത്.
കഴിഞ്ഞ ദിവസം രാത്രി ആടുകളെ കെട്ടിയിട്ട സ്ഥലത്ത് ബഹളം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ആടുകളെ നായ്ക്കളെ ആക്രമിച്ചതായി കണ്ടത്. നസീബും സംഘവും സ്ഥലത്തെത്തിയപ്പോള്‍ നായ്ക്കള്‍ തൊട്ടടുത്ത മതില്‍ ചാടി രക്ഷപ്പെട്ടു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി നസീബ് പറഞ്ഞു. പഞ്ചായത്തില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍ എത്തി ആടുകളെ പരിശോധിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ചെറുപ്പുളശേരിയിലും തെരുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൂതയില്‍ രണ്ടു ദിവസങ്ങളിലായി നാലു പേര്‍ക്ക് കടിയേറ്റു. വടക്കുംമുറി കളരിക്കല്‍ വീട്ടില്‍ സുനില്‍കുമാര്‍ (41), തെക്കും മുറി ശ്രീ നിലയത്തില്‍ ഗോപികൃഷ്ണന്‍ (45), തെക്കും മുറി വടക്കേതൊടിയില്‍ രുഗ്മിണി (55), തൂത കുണ്ടും പുറത്ത് ഉണ്ണി (65) എന്നിവരെയാണ് തെരുവ് നായ കടിച്ചത്.
രാവിലെയാണ് വീട്ടില്‍വച്ച് തെരുവുനായ സുനില്‍കുമാറിനെ കടിച്ചത്. തുടര്‍ന്ന് റോഡിലേക്ക് പോയ തെരുവുനായ ഡ്രൈവറായ ഗോപികൃഷ്ണനെയും കടിച്ചു. ഈ നായ തന്നെയാണ് രുഗ്മിണിയെയും കടിച്ചത്. ബുധനാഴ്ചയാണ് കുണ്ടും പുറത്ത് ഉണ്ണിക്ക് കടിയേറ്റത്. കടിയേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.












Click it and Unblock the Notifications