'പോക്‌സോ' കേസുകളില്‍ കഠിന ശിക്ഷയുമായി കോടതി: രണ്ടു സംഭവങ്ങളില്‍ മൂന്നുപേര്‍ക്ക് കഠിനതടവ്
തൃശൂര്‍: പോക്‌സോ കേസുകളില്‍ കഠിന ശിക്ഷയുമായി കോടതി. രണ്ടു സംഭവങ്ങളില്‍ മൂന്നുപേര്‍ക്ക് വര്‍ഷങ്ങളുടെ കഠിനതടവ് വിധിച്ചു. അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയുമാണ് പോക്‌സോ കോടതി വിധിച്ചത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച പ്രതി കോഴിക്കോട് മാവൂര്‍ ചാത്തമംഗലം വില്ലേജ് വെല്ലലശേരി ദേശത്ത് പേപിക്കകണ്ടി വീട്ടില്‍ പ്രദീപനെ (41) 20 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയിടുന്നതിനുമാണ് തൃശൂര്‍ പോക്‌സോ കോടതി സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി സി.സൗന്ദരേഷ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവും വിധിച്ചു. ഇരയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു.

പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡനം
എംകെ കൃഷ്ണദാസ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും പിന്നീട് അപാകതകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കുന്നതിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഇന്‍സ്‌പെക്ടര്‍ വി.ഹരിദാസന്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി. പ്രേമം നടിച്ച് 14 വയസുകാരിയെ തട്ടികൊണ്ടുപോയി നിരവധി തവണ ബലാല്‍സംഗം ചെയ്ത കേസില്‍ 2 പ്രതികള്‍ക്ക് 13 വര്‍ഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും തൃശൂര്‍ പോക്‌സോ കോടതി വിധിച്ചു.

13 വര്‍ഷം തടവ്
പ്രായപൂര്‍ത്തിയാകാത്ത 9ാം ക്ലാസുകാരിയെ പ്രേമം നടിച്ച് മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്നും തട്ടികൊണ്ടുപോകുകയായിരുന്നു. പിന്നീട് വിവിധ വീടുകളില്‍ ലൈംഗികമായി പീഡിപ്പിച്ച് ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളായ മനക്കൊടി ദേശത്ത് മംഗലപ്പിള്ളി വീട്ടില്‍ അലക്‌സ്(33), അവണൂര്‍ വരടിയം പാപ്പാനഗര്‍ മാളിയേക്കല്‍ വീട്ടില്‍ ജോബി (33)എന്നിവരെയാണ് 13 വര്‍ഷം വീതം കഠിന തടവിനും 2 ലക്ഷം രൂപ വീതം പിഴയടക്കുന്നതിനും തൃശൂര്‍ പോക്‌സോ കോടതി സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി സി. സൌന്ദരേഷ് ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഓരോ വര്‍ഷം വീതം തടവും വിധിച്ചു. ഇരയ്ക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. 2013 സെപ്തംബറിലായിരുന്നു സംഭവം.

ബന്ധുവിന്റെ കല്യാണത്തിനെത്തിയപ്പോള്‍
പെണ്‍കുട്ടി ബന്ധുവിന്റെ കല്യാണത്തിനു പോയ സ്ഥലത്തുവെച്ച് ഒന്നാം പ്രതി പ്രേമം നടിച്ച് അടുത്തുകൂടി. തുടര്‍ന്ന് നിരന്തരമായി ഫോണ്‍ വിളിച്ചു ശല്യം ചെയ്തു. 1ാം പ്രതിയ്ക്കുവേണ്ടി 2ാം പ്രതി എല്ലാ ഒത്താശകളും വീടു സൌകര്യവും ചെയ്തുകൊടുത്തു. നിരന്തരമായി 1ാം പ്രതി കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ തട്ടികൊണ്ടുപോയതിനെ തുടര്‍ന്ന് അച്ഛന്‍ പേരാമംഗലം പോലീസില്‍ അറിയിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിധി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ 29 രേഖകളും 5 തൊണ്ടിസാധനങ്ങളും ഹാജരാക്കി. 16 സാക്ഷികളെയും വിസ്തരിച്ചു. പേരാമംഗലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ബിജുകുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി. 2ാം പ്രതി പ്രേരണാകുറ്റം മാത്രമേ ചെയ്തുള്ളൂവെങ്കിലും 1ാം പ്രതി ബലാല്‍സംഗം ചെയ്ത കുറ്റം തെളിഞ്ഞതിനാല്‍ അതേ ശിക്ഷ തന്നെ 2ാം പ്രതിക്കും ലഭിച്ചു. പ്രതികളെ റിമാന്‍ഡു ചെയ്ത് വിയ്യൂര്‍ ജയിലിലേക്കു വിട്ടു.












Click it and Unblock the Notifications