വനിതാ വില്ലേജ് ഓഫീസറുടെ ആത്മഹത്യ ശ്രമം; 8 പേര്‍ക്കെതിരെ കേസെടുത്തു
തൃശ്ശൂര്‍: തൃശൂര്‍ പുത്തൂര്‍ വനിതാ വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമത്തില്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എട്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്നലെയാണ് പഞ്ചായത്ത് ഭരണസമിതി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ സിഎന്‍ സിമി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സാഹചര്യത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ചുമത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു വില്ലേജ് ഓഫീസില്‍ വച്ച് കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പഞ്ചായത്ത് ഭരണസമിതി തന്നെ നിരന്തരം വേട്ടയാടുകയും, അവസാനം ഓഫീസില്‍ എത്തി ഘരാവോ ചെയ്യുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മനംനൊന്താണ് ആത്മഹത്യക്കു ശ്രമിച്ചതെന്നും സിമി പൊലീസിനോട് പറഞ്ഞു.
അതേസമയം, വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടെത്ത് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറോട് കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തൃശ്ശൂര്‍ തഹസില്‍ദാരോടും ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയില്‍ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഘെരാവോ ചെയ്തതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സി.എന്‍.സിമി കൈഞരമ്പ് മുറിക്കുകയായിരുന്നു. വിഷയത്തെക്കുറിച്ച് ഒല്ലൂര്‍ സിഐയെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നേരില്‍ വിളിച്ച് വിശദാംശങ്ങള്‍ ആരായുകയും ചെയ്തിരുന്നു.