കാഴ്ചയില്ലാത്ത ലോട്ടറി വില്പനക്കാരനെ തട്ടികൊണ്ടുപോയി; ലോട്ടറിയും പണവും തട്ടി, പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍: അയ്യന്തോള്‍ കളക്ട്രേറ്റ് പരിസരങ്ങളില്‍ ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളിയെ ടിക്കറ്റെടുക്കാനെന്ന വ്യാജേന തട്ടികൊണ്ടുപോയി ടിക്കറ്റുകളും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. ലോട്ടറി സുല്‍ഫി എന്നു വിളിക്കുന്ന എറിയാട് സ്വദേശിയായ വലിയറ വീട്ടില്‍ സുല്‍ഫിക്കര്‍ (37), കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം അഞ്ചങ്ങാടി സ്വദേശിയായ മുടിയാക്കര വീട്ടില്‍ സിറാജ്ജുദ്ദീന്‍ (42) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
തൃശൂര്‍ അയ്യന്തോള്‍ കളക്ട്രേറ്റ് പരിസരത്ത് വര്‍ഷങ്ങളായി ലോട്ടറി വില്പന നടത്തിയിരുന്ന ചേര്‍പ്പ് സ്വദേശിയായ കുഞ്ചു എന്ന കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളിയെ ഫെബ്രുവരി പതിമൂന്നിന് ഉച്ചയ്ക്കാണ് മുഴുവന്‍ ലോട്ടറിയും വാങ്ങിച്ചുകൊള്ളാം ഭക്ഷണവും നല്‍കാം എന്നുപറഞ്ഞ് ബൈക്കില്‍ കൊണ്ടുപോയി മണത്തിട്ട അയ്യന്തോള്‍ ക്ഷേത്രത്തിനു സമീപംവച്ച് ലോട്ടറി വിറ്റുകിട്ടിയ മുഴുവന്‍ പണവും ലോട്ടറികളും പ്രതികള്‍ തട്ടിയെടുത്തത്.
സംഭവത്തെ തുടര്‍ന്ന് കുഞ്ചു വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതികൊടുക്കുകയും ചെയ്തു. കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ഇന്‍സ്‌പെക്ടര്‍ ടി.പി ഫര്‍ഷാദും സംഘവും പഴുതടച്ച അന്വേഷണം നടത്തിയതിലാണ് മൂന്നാം ദിവസം പ്രതികളെ പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ലോട്ടറി വില്പന നടത്തുന്ന അംഗവൈകല്യമുള്ള ആളുകളേയും സ്ത്രീകളേയുമാണ് പ്രതികള്‍ ലക്ഷ്യമിട്ടു തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
ഇന്‍സ്‌പെക്ടര്‍ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജീസ് മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ടി നിക്‌സണ്‍, കെ.ബി സുനീബ്, അജിത്ത് ലാല്‍, ടി. ഗീതുകൃഷ്ണന്‍, വി.ടി ശ്രീരാഗ്, പി.വി അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications