'കേരള പൊലീസ് എന്നാ സുമ്മാവാ'; ആറ് വര്‍ഷം പറ്റിച്ചുനടന്ന കൊലയാളിയെ പൊക്കി അകത്താക്കി
തൃശൂര്‍: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് ആറ് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. അസംവ സ്വദേശി മനോജാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായത്. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അസം സ്വദേശിയായ ഉമാനാഥ് ആണ് കൊല്ലപ്പെട്ടത്. ഇവര്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പിണ്ടാണിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഇരുവരും ജോലിക്ക് എത്തിയതായിരുന്നു. ഇവരില്‍ ഉമാനാഖനായിരുന്നു സീനിയര്‍. പരിചയക്കാരനായ മനോജിനെ ഉമാനാഥായിരുന്നു ജോലിക്കായി കൊണ്ടുവന്നത്. എന്നാല്‍ വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റാന്‍ ഉമാനാഥ് ശ്രമിച്ചതോടെയാണ് ഇവര്‍ തമ്മില്‍ ഈഗോ പ്രശ്‌നം ഉടലെടുത്തു. ഇത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.

പ്രശ്‌നം കൂടുതല്‍ വഷളായതോടെ ഉറങ്ങിക്കിടന്ന ഉമാനാഥിനെ മനോജ് കോടാലികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ വെട്ടുകത്തിയെടുത്ത് വെട്ടുകയും ചെയ്തു. 37 മുറിവുകളാണ് ഉമാനാഥിന്റെ ശരീരത്തിലുണ്ടായത്. മൃതദേഹം പാതികത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്ന് ആദ്യം കണ്ടെത്തിയത് മനോജിന്റെ തിരിച്ചറിയല്‍ കാര്‍ഡും വസ്ത്രങ്ങളുമായിരുന്നു. മനോജാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കരുതിയത്. കൊലപാതകം നടത്തിയത് ഉമാനാഥാണെന്നും പൊലീസ് കരുതി. തുടര്‍ന്ന് ഉമാനാഥിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടത് ഉമനാഥാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
വീട്ടുജോലിക്കാരി കൈപ്പത്തി കണ്ടാണ് ഉമാനാഥാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മനോജിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. എന്നാല്‍ വര്‍ഷങ്ങളോളം മനോജ് ഒളിവില്‍ കഴിയുകയായിരുന്നു. കൊലയാളി മനോജ് ആദ്യം ഫോണും സിമ്മും നശിപ്പിച്ചാണ് രക്ഷപ്പെട്ടത് . അസമിലേക്കാണ് മനോജ് ആദ്യം രക്ഷപ്പെട്ടത്. പൊലീസ് പല തവണ അസമില്‍ ചെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില് ല.
തുടര്‍ന്ന് മനോജിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളും സൈബര്‍ സെല്‍ സൂക്ഷ്മമായി നിരീക്ഷിച്ചു . എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസ് അസം പൊലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . മാള ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയും സംഘവുമാണ് പ്രതിയെ അസമില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ചത്. തൃശൂര്‍ റൂറല്‍ എസ്പിയായി ഐശ്വര്യ ഡോംഗ്രേ ചുമതലയേറ്റ ശേഷം പഴയ കേസുകള്‍ വിലയിരുത്തിയത്. തുടര്‍ന്നാണ് ഉമാനാഥിന്റെ കൊലയാളിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത് .












Click it and Unblock the Notifications