തേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധി
തൃശൂര്‍: തേനീച്ച കൂടാണ് എന്ന് കരുതി വിദ്യാര്‍ത്ഥിനി കടന്നല്‍ കൂടിന് കല്ല് എറിഞ്ഞതിനെ തുടര്‍ന്ന് സ്‌കൂളിന് അവധി. തൃശൂര്‍ പാവറട്ടി സി കെ സി ഗേള്‍സ് ഹൈസ്‌കൂളില്‍ ആണ് സംഭവം. തേനീച്ച കൂട് ആണ് എന്ന് കരുതി വിദ്യാര്‍ത്ഥിനി കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞതോടെ കടന്നല്‍ കൂട്ടം ഇളകി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പറന്നെടുക്കുകയും ആക്രമിക്കുകയും ചെയ്തു.
പേടിച്ചോടിയ ചില വിദ്യാര്‍ത്ഥിനികള്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുകയും ചെയ്തു. പാവറട്ടി സി കെ സി ഗേള്‍സ് ഹൈസ്‌കൂളില്‍ വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന്റെ ഇടവേള സമയത്ത് ആണ് സംഭവം നടക്കുന്നത്. തേന്‍ കിട്ടും എന്ന് പ്രതീക്ഷിച്ചാണ് ഒരു വിദ്യാര്‍ഥിനി കടന്നല്‍ കൂട്ടില്‍ തേനീച്ച കൂടാണ് എന്ന് കരുതി കല്ലെറിഞ്ഞത്.

പറന്നെടുത്ത കടന്നല്‍ കൂട്ടം മുപ്പതോളം വിദ്യാര്‍ഥിനികളെ ആണ് കുത്തിയത്. ഹൈസ്‌കൂള്‍, യു പി വിഭാഗങ്ങളില്‍ പഠിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. കടന്നല്‍ കുത്തേറ്റ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പറഞ്ഞയച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.

കടന്നലുകള്‍ പരന്നതോടെ പാവറട്ടി സി കെ സി ഗേള്‍സ് ഹൈസ്‌കൂളിന് വെള്ളിയാഴ്ച അവധി നല്‍കിയിരിക്കുകയാണ്. കടന്നല്‍ ഭീതി പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവധി നല്‍കുന്നത് എന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച ഉച്ചക്ക് ശേഷവും സ്‌കൂളിന് അവധി നല്‍കിയിരുന്നു. സ്‌കൂളിന് പുറകില്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള പറമ്പിലെ മാവിലാണ് കടന്നലുകള്‍ കൂടുകൂട്ടിയത്.

എന്നാല്‍ കടന്നല്‍ കൂട് ഇതുവരെ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വിദ്യാര്‍ത്ഥിനികള്‍ക്ക് കടന്നല്‍ കുത്തേറ്റതോടെ നടത്തിയ പരിശോധനയില്‍ പ്രധാന കടന്നല്‍ കൂട് കണ്ടെത്തുകയും ചെയ്തു. സ്‌കൂള്‍ വളപ്പിനോടു ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ പനമരത്തില്‍ വലിയ കടന്നല്‍ കൂട് ഉള്ളത്. ഇവിടെ നിന്ന് കടന്നലുകള്‍ സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കൂട് കൂട്ടിയതാകാം എന്നാണ് വിലയിരുത്തല്‍.

അതേസമയം സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ അടിയന്തര യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പൊലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വനം വകുപ്പിന്റെ സഹായത്തോടെ കടന്നല്‍ക്കൂട് വ്യാഴാഴ്ച തന്നെ നശിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications