തൃശൂരിലെ കൂട്ടത്തല്ല്; ഡിസിസി അധ്യക്ഷനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു, തിരഞ്ഞെടുപ്പ് തോൽവിയും ചർച്ചയാകും
തൃശൂർ: ഡിസിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന് പിന്നാലെ ശക്തമായ നടപടികളുമായി പാർട്ടി നേതൃത്വം രംഗത്ത്. ഡിസിസി അധ്യക്ഷനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. സിറ്റിങ് സീറ്റായ തൃശൂരിൽ വൻ പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെ പാർട്ടിക്ക് നാണക്കേടുണ്ടാക്കി കൊണ്ട് ഡിസിസി ഓഫീസിൽ നടന്ന കൂട്ടത്തല്ല് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷനെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
ഇതിന് പിന്നാലെ ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുമായാണ് അദ്ദേഹം മുതിർന്ന നേതാക്കളെ കാണാനെത്തിയത്. കെസി വേണുഗോപാല്‍, വിഡി സതീശന്‍, കെ സുധാകരന്‍ എന്നിവരെ ജോസ് വെള്ളൂർ കാണും. ഡിസിസി ഓഫീസിസിൽ നടന്ന അക്രമ സംഭവങ്ങൾ പാർട്ടിക്ക് കാര്യമായി ക്ഷീണമുണ്ടാക്കി എന്നാണ് വിലയിരുത്തൽ.

അതേസമയം, സംഘർഷത്തിൽ ജോസ് വെള്ളൂർ നേരത്തെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. മദ്യലഹരിയില്‍ ഡിസിസി സെക്രട്ടറി സജീവന്‍ കുരിച്ചിറയുടെ നേതൃത്വത്തിലാണ് സംഘർഷം തുടങ്ങിയതെന്നാണ് ജോസ് വെള്ളൂർ നൽകുന്ന വിശദീകരണം. കെഎസ്‌യു നേതാവിനെയും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററെയും പ്രകോപനമില്ലാതെയാണ് സജീവൻ മർദിച്ചതിനും വിശദീകരണത്തിൽ പറയുന്നു.
ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂര്‍, മുൻ എംപി ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരേ ഡിസിസിയുടെ മതിലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ച പോസ്‌റ്ററിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇന്നലെ വൈകുന്നേരം കൈയ്യാങ്കളിയിലേക്ക് എത്തിയതെന്നാണ് സൂചന. ഇവിടെ പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായിരുന്നു.
മുരളീധരന്‍ അനുകൂലിയായ സജീവന്‍ കുരിച്ചിറയെ ജോസ് വള്ളൂരും അനുയായികളും ചേർന്ന് പിടിച്ച് തള്ളി എന്നായിരുന്നു ആരോപണം. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം എന്നും തന്റെ കഴുത്തിന് പിടിച്ച് തള്ളിയതോടെ തന്റെ ശബ്‌ദം പോയെന്നും സജീവൻ കുരിച്ചിറ ആരോപിച്ചിരുന്നു. തുടർന്ന് മുരളീധരൻ അനുകൂലികൾ ഇവിടേക്ക് സംഘടിച്ച് എത്തുകയായിരുന്നു.
ശേഷം ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തൃശൂരിൽ കെ മുരളീധരൻ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ വിവിധ ഇടങ്ങളിൽ നേതാക്കളെ പേരെടുത്ത് വിമർശിച്ചു കൊണ്ട് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വാർഡിൽ പോലും ടിഎൻ പ്രതാപന് സീറ്റ് നൽകരുതെന്നും ജോസ് വെള്ളൂർ രാജിവെക്കണം എന്നുമായിരുന്നു പോസ്‌റ്ററുകളിൽ ആവശ്യപ്പെട്ടിരുന്നത്.
ഇത് കൂടാതെ കഴിഞ്ഞ ദിവസം മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയ്ക്ക് എതിരെയും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ എംപി വിൻസന്റിന് എതിരെയും പോസ്‌റ്ററുകളിൽ പരാമർശം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് അഴിമതി ഉൾപ്പെടെ പോസ്‌റ്ററുകളിൽ ചൂണ്ടികാട്ടിയിരുന്നു. കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിലായിരുന്നു പോസ്‌റ്റർ.












Click it and Unblock the Notifications