റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ചു
തൃശൂര്‍: ദേശീയപാത കുതിരാന്‍ കയറ്റം ആരംഭിക്കുന്ന സ്ഥലത്തെ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന് തലയിലൂടെ ലോറികയറി ദാരുണാന്ത്യം. തൃശൂര്‍ ലെയ്ത്ത് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന വടക്കുഞ്ചേരി കണക്കന്‍ തുരുത്തി പാലത്തടത്തില്‍ മുരളിയാണ് (52) മരിച്ചത്. ഇന്നലെ പതിവുപോലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ട മുരളി കുതിരാന്‍ കയറ്റം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കുഴിയില്‍പ്പെട്ട് മറിഞ്ഞു.
തൊട്ടു പുറകില്‍ വന്നിരുന്ന ലോറിയുടെ പിന്‍ചക്രത്തിന് മുന്നിലായി വീണ് ചക്രങ്ങള്‍ കയറിയിറങ്ങിയാണ് മരിച്ചത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു അപകടം. ഹൈവേ പോലീസും പീച്ചി പോലീസും സ്ഥലത്തെത്തി മണ്ണുത്തിയില്‍നിന്നു പോലീസ് ആംബുലന്‍സ് വരുത്തി മൃതദേഹം നീക്കംചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ പ്രതിഷേധിച്ചു. മരിച്ച മുരളിയുടെ ഭാര്യ പങ്കജം. ഗീതു, നിബിന്‍ എന്നിവരാണ് മക്കള്‍. അമ്മ: തങ്കമ്മ.

മണ്ണുത്തി മുതല്‍ വടക്കുഞ്ചേരി വരെയുള്ള ദേശീയപാതയില്‍ മുളയം, മുടിക്കോട്, ചെമ്പൂത്ര, പീച്ചി റോഡ്, പട്ടിക്കാട്, വഴക്കുപാറ എന്നീ പ്രദേശങ്ങളില്‍ റോഡില്‍ വന്‍ കുഴികളും വെള്ളക്കെട്ടുകളുമാണുള്ളത്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടങ്ങളില്‍പ്പെടുകയാണ്. എന്നാല്‍ വര്‍ഷകാലത്ത് സംഭവിക്കുന്ന ഇത്തരം കെടുതികള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ കൂട്ടാക്കാതിരുന്നതാണ് ഇപ്പോഴത്തെ എല്ലാ അപകടങ്ങള്‍ക്കും കാരണം.












Click it and Unblock the Notifications