തൃശൂരിലെ തെരുവുനായയുടെ ആക്രമണം: കുഞ്ഞിന് ശസ്‌ത്രക്രിയ, പരിക്കേറ്റത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക്!
തൃശൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി പരുക്കേറ്റ രണ്ടര വയസുകാരനെ ഇന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കും. ഗുരുവായൂര്‍ ഇരിങ്ങപ്രം റാംഷാദിന്റെ മകന്‍ മുഹമ്മദ് ഐയന്‍സി(രണ്ടര) നാണു തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ റോഡില്‍നിന്നും കയറിവന്ന തെരുവനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ വരുമ്പോള്‍ കുട്ടിയുടെ മുഖം കടിച്ച് പിടിച്ച് നില്‍ക്കുന്ന തെരുവുനായയെയാണ് കണ്ടത്.

നായയുടെ കടിയില്‍നിന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ ബന്ധുവായ സ്‌ത്രീ ശ്രമിച്ചുവെങ്കിലും നായ കടി വിട്ടില്ല. പിന്നീട് ഓലമടല്‍ എടുത്ത് നായയെ നിരവധി തവണ അടിച്ചപ്പോള്‍ മാത്രമാണ് നായ കടി വിട്ടത്. സ്‌ത്രീയേയും ആക്രമിക്കാന്‍ ശ്രമിച്ചു. കൈയിലെ മടല്‍ കൊണ്ട് അടിക്കാന്‍ ഓങ്ങിയപ്പോളാണ് നായ മടങ്ങിപ്പോയത്. കടിയേറ്റ് കുട്ടിയുടെ മുഖം വികൃതമായിരിക്കുകയാണ്. മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ട്. കുട്ടി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വര്‍ഷക്കാലമായതോടെ നായ്‌ക്കളുടെ ആക്രമണങ്ങളില്‍ പരുക്കേറ്റ് നിരവധി ആളുകളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്. സൗജന്യ മരുന്നുകളും കുടുതല്‍ ചികിത്സാ സൗകര്യവും ഒരുക്കണമെന്നുള്ള ആവശ്യവും ശക്‌തമായിട്ടുണ്ട്.












Click it and Unblock the Notifications