മേയർക്ക് ഇനിയും പൊലീസിന്റെ സല്യൂട്ട് കിട്ടില്ല; ചട്ടം പറയുന്നത് ഇങ്ങനെ...
ഔദ്യോഗിക വാഹനം കടന്നുപോകുമ്പോള്‍ ഡ്യൂട്ടിയിലുണ്ടാകുന്ന പൊലീസുകാര്‍ മനപ്പൂര്‍വം കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുകയാണെന്നുമായിരുന്നു മേയർ പരാതിയിൽ ആരോപിച്ചത്
തിരുവനന്തപുരം: ഔദ്യോഗിക കാറിൽ പോകുമ്പോൾ പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടികാട്ടി തൃശൂർ മേയർ എം.കെ വർഗീസ് ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ തന്നെ ബഹുമാനിത്തുന്നില്ലെന്നും മേയറുടെ ഔദ്യോഗിക വാഹനം കടന്നുപോകുമ്പോള്‍ ഡ്യൂട്ടിയിലുണ്ടാകുന്ന പൊലീസുകാര്‍ മനപ്പൂര്‍വം കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുകയാണെന്നുമായിരുന്നു മേയർ പരാതിയിൽ ആരോപിച്ചത്.

ഇത് വലിയ ചർച്ചയ്ക്കും തുടക്കം കുറിച്ചു. മേയറിനെ അനുകൂലിച്ച് ഒരു സംഘം രംഗത്തെത്തിയപ്പോൾ പൊലീസിനൊപ്പം നിൽക്കാനും അതുപോലെ തന്നെ ആളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ചർച്ച മുറുകിയതോടെ പ്രോട്ടോക്കോൾ ചട്ടങ്ങളും ഇഴകീറി പരിശോധനയായി, പഠനമായി.

താൻ ചുമതലയേറ്റെടുത്ത ശേഷം ഇക്കാര്യങ്ങൾ പഠിച്ചുവെന്നായിരുന്നു മേയറുടെ വാദം. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും തൊട്ടുതാഴെയാണ് മേയര്‍ സ്ഥാനമെന്ന് കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. തന്നെ സല്യൂട്ട് ചെയ്യാത്ത പൊലീസുകാർ പ്രോട്ടോക്കോൾ പ്രകാരം തനിക്ക് താഴെ മാത്രമുള്ള എംഎൽഎ, എംപി, ജില്ലാ കലക്ടർ തുടങ്ങിയവരെ സല്യൂട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ മേയർക്ക് സല്യൂട്ട് നൽകേണ്ടതുണ്ടോ? ഈ ചോദ്യത്തിന് ഉത്തരമായി പൊലീസ് പറയുന്നത് അവർക്കതിന് വകുപ്പില്ലെന്നാണ്. പൊലീസ് സ്റ്റാൻഡിങ് ഓർഡർ, ചാപ്റ്റർ 18ൽ പറയുന്ന കാര്യങ്ങളാണ് അവർ ചൂണ്ടികാണിക്കുന്നതും. ആരെയൊക്കെയാണ് പൊലീസ് സല്യൂട്ട് ചെയ്യേണ്ടത് എന്ന പട്ടികയാണിത്. മുഖ്യമന്ത്രിയും, ഗവർണറും കഴിഞ്ഞാൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുമെല്ലാം ഉൾപ്പെടുന്ന പട്ടികയിൽ എന്നാൽ മേയർ ഇല്ല.

അതേസമയം പ്രോട്ടോക്കോൾ അനുസരിച്ച് മുഖ്യമന്ത്രിയും ഗവർണറും കഴിഞ്ഞാൽ അടുത്ത സ്ഥാനം മേയർക്കാണെന്ന് എം.കെ വർഗിസിന്റെ വാദവും പൊലീസ് തള്ളുന്നു. സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ മേയർക്കുള്ള സ്ഥാനം വ്യക്തമാക്കുന്ന സർക്കുലറാണ് അദ്ദേഹം ചൂണ്ടി കാണിച്ചതെന്നും ഇതിന് പൊലീസിന്റെ സ്റ്റാൻഡിങ് ഓർഡറുമായി ഒരു ബന്ധവുമില്ലെന്നും ചില ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മേയറുടെ പരാതിയിൽ മറുപടിയുമായി പോലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല. അവർ ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണെന്ന് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Recommended Video

മേയറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ ഓഫീസ് തൃശൂര്‍ റേഞ്ച് ഐജിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ മേയറുടെ പരാതിയിൽ ഒരു അനുകൂല നടപടിയുണ്ടാകാൻ ഇടയില്ല.












Click it and Unblock the Notifications