ബിരിയാണി റൈസ്, പൊറോട്ട, ചപ്പാത്തി..തൃശൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
പഴയകിയ ഭക്ഷണം സംബന്ധിച്ച പ്രതിസന്ധിയൊഴിയാതെ കേരളം. തൃശ്ശൂർ ജില്ലയിലെ മൂന്നു ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം കോർപ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കോഴിക്കോട് ഫറോക്കിലെ പത്ത് ഹോട്ടലിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. കണ്ണൂരിലെ ഹോട്ടലുകളിൽ നിന്നും സമാനമായ രീതിയിൽ പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷ്യ സാധാനങ്ങളാണ് പിടികൂടിയിരിക്കുന്നത്. പൊറോട്ട, ചപ്പാത്തി, ഇറച്ചി, പച്ചക്കറികൾ, ബിരിയാണി റൈസ് മുതലായവക്കാണ് ദിവസങ്ങളുടെ പഴക്കം കണ്ടെത്തിയത്.
തൃശ്ശൂർ വടക്കേ സ്റ്റാൻറിലുള്ള സന, സ്വരാജ് റൗണ്ടിലുള്ള വൈറ്റ് പാലസ്, മണ്ണുത്തിയിൽ സ്ഥിതി ചെയ്യുന്ന മയൂര ഇൻ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. സന ഹോട്ടലിൽ നിന്ന് പഴകിയ പൊറോട്ട, ചപ്പാത്തി, കോളി ഫ്ളവർ, ബീൻസ് എന്നിവയാണ് പിടികൂടിയത്. ഈ ഹോട്ടലിലെ അടുക്കള വൃത്തി ഹീനമാണെന്നും പരിശോധനയിൽ കണ്ടെത്തി. വൈറ്റ് പാലസിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത രണ്ടു കിലോ ഇറച്ചിയും ഉപയോഗ ശൂന്യമായ പുഴുങ്ങിയ മുട്ടയും പിടികൂടി. മയൂര ഇൻ എന്ന ഹോട്ടലിൽ നിന്ന് പഴകിയതും ഉപയോഗശൂന്യവുമായ ബിരിയാണി റൈസ്, പഴകിയ മാംസം എന്നിവയാണ് പിടിച്ചെടുത്തത്.

നേരത്തെ എറണാകുളം ജില്ലയിൽ നിന്ന് കിലോ കണക്കിന് പഴകിയ ഇറച്ചി തുടർച്ചയായി പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഹോട്ടലുകളിലേക്ക് കൈമാറാൻ കിലോ കണക്കിന് ഇറച്ചി സുക്ഷിക്കുന്ന കേന്ദ്രങ്ങൾ ഭക്ഷ്യ വകുപ്പ് കണ്ടെത്തി റെയ്ഡ് നടത്തിയിരുന്നു. ജൂൺ മാസത്തിൽ പാലക്കാട് ചെർപ്പുളശ്ശേരിയിലെ നാല് ഹോട്ടലുകളിൽ നിന്നും സമാന ഗതിയിൽ പഴകിയ കോഴിയിറച്ചി കണ്ടെത്തി. ആഗസ്റ്റിൽ കണ്ണൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. പഴകിയ ഭക്ഷണം, വൃത്തിഹീനമായ സാഹചര്യം എന്നിവ കൂടാതെ പ്രവർത്തിക്കാൻ ലൈസൻസ് ഇല്ലാതെ പ്രവർത്തനം നടത്തുന്ന ഹോട്ടലുകളെയും റെയ്ഡുകളിൽ കണ്ടെത്തുന്ന സാഹചര്യമുണ്ട്.












Click it and Unblock the Notifications