നൂറിലേറെ കേസുകള്‍; കോടികളുടെ തട്ടിപ്പ്; തൃശൂരിനെ വിറപ്പിച്ച 'പൂമ്പാറ്റ സിനി' അറസ്റ്റില്‍
തൃശൂര്‍: കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി കാപ്പ നിയമപ്രകാരം അറസ്റ്റില്‍. വ്യാജ സ്വണ്ണം പണയം വച്ച് സ്ഥാപനങ്ങളേയും വ്യക്തികളേയും ചതിക്കുകയും, ഗൂഡാലോചന, കവര്‍ച്ച, അക്രമിച്ച് പരിക്കേല്‍പ്പിക്കുക, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലും വഞ്ചന കേസുകളിലും പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരി വീട്ടില്‍ സിനി ഗോപകുമാര്‍ (48) എന്ന പൂമ്പാറ്റ സിനി ആണ് കാപ്പ നിയമപ്രകാരം അറസ്റ്റിലായത്.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയാണ് ഇവരെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കല്‍ ജയില്‍ശിക്ഷ വിധിച്ചത്. ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളില്‍ ഇവര്‍ വാടകക്ക് താമസിക്കുന്ന ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ വീട്ടില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ജില്ലാ കളക്ടര്‍ക്കുമുമ്പാകെ ഹാജരാക്കിയിരുന്നു.

സിനി, ശ്രീജ എന്നിങ്ങനെ പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയാണ് ഇവരുടെ രീതി. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിനും, മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിനും തുടങ്ങി നൂറു കണക്കിന് തട്ടിപ്പുകേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നല്‍കി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. ആരെയും വശീകരിക്കുന്ന ഇവരുടെ സംഭാഷണ ചാതുരിയില്‍ പലരും വിശ്വസിച്ച് വീണുപോകുകയായിരുന്നു. വലിയ മുതലാളിയാണെന്നും, സ്വന്തമായി റിസോര്‍ട്ടുകള്‍ ഉണ്ടെന്നുമൊക്കെ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കും. പണം തട്ടിയെടുത്തതായി ഇരകള്‍ക്ക് തോന്നാതിരിക്കാന്‍ പല തരത്തിലുള്ള സംഭവങ്ങളാണ് ഇവര്‍ അവതരിപ്പിക്കുക.
പണം മുഴുവന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോള്‍ പറയുക. മറ്റു ചിലപ്പോള്‍ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങള്‍. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടച്ചിട്ടുണ്ടെങ്കിലും, ഇത്രയും തട്ടിപ്പുകേസുകള്‍ നടത്തിയിട്ടും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കേസിലും ഇതുവരേയും ശിക്ഷിക്കപ്പെട്ടിട്ടില്ല. തട്ടിയെടുക്കുന്ന പണം മുഴുവനും ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു.












Click it and Unblock the Notifications