ഹെലി കാം, എയര്‍ ഡ്രോണ്‍, ലേസര്‍ ഗണ്‍ എന്നിവ വേണ്ട; തൃശൂര്‍ പൂരത്തിന് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്
തൃശൂര്‍: തൃശൂര്‍ പൂരം നടക്കുന്ന ഏപ്രില്‍ 28, 29, 30 മേയ് ഒന്ന് തീയതികളില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഹെലി കാം, എയര്‍ ഡ്രോണ്‍, ജമ്മി ജിംഗ് ക്യാമറകള്‍, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം ശ്രീ വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
കൂടാതെ ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന വലിയ തരത്തിലുള്ള ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍ മറ്റ് ഉപകരണങ്ങളും ഈ ദിവസങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് അതാത് സമയങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിക്കണമെന്നും, അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് കാണുന്നതിന് ആളുകള്‍ പ്രവേശിക്കരുത്.

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നടക്കുന്ന 28ന് വെള്ളിയാഴ്ച രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും, തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് പ്രദേശത്തും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല. ഉച്ചക്ക് 3 മണിമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമണിമുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങള്‍ക്കും സ്വരാജ് റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാന്‍ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍ നിന്നും നിയമാനുസൃത അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കൂ.
സാമ്പിള്‍ വെടിക്കെട്ട് കാണുന്നതിനായി തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീര്‍ണാവസ്ഥയിലുള്ളതും നിര്‍മ്മാണാവസ്ഥയിലുള്ളതും കൈവരികളും കോണിപ്പടികളും ഇല്ലാത്തതുമായ കെട്ടിടങ്ങളില്‍ കാണികള്‍ കയറുന്നതു നിരോധിച്ചു. വെടിക്കെട്ട് കാണുന്നതിനായി തൃശൂര്‍ നഗരത്തിലേക്ക് വരുന്ന ജനങ്ങള്‍, റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതെ സുരക്ഷിതമായി പാര്‍ക്കുചെയ്യേണ്ടതാണ്.
തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാര്‍ക്കിങ്ങ് ഗ്രൌണ്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പോലീസ് സേവനവും ലഭ്യമാണ്. പൊതുജനങ്ങള്‍ ഈ സേവനം പ്രയോജനപ്പെടുത്തണം. നിയമലംഘനം നടത്തി അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്ന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
ജനക്കൂട്ടത്തിനിടയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, മോഷണം, പോക്കറ്റടി, പിടിച്ചുപറി എന്നിവ ഇല്ലാതാക്കാന്‍ ഷാഡോ പോലീസിനേയും, പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരേയും, വനിതാ പോലീസുദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
ജനങ്ങള്‍ കൂടുന്ന പ്രധാന സ്ഥലങ്ങളും, പൂരം എക്‌സിബിഷന്‍, തേക്കിന്‍കാട് മൈതാനം, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കൃത്യമായ അറിയിപ്പുകള്‍ നല്‍കുന്നതിനും മൈക്ക് അനൌണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications