മഴ: കേരളത്തിന്റെ സൈന്യം ഇറങ്ങുന്നു; ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളും
തൃശൂര്‍: അതിതീവ്ര മഴയില്‍ ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി ദുരിതം വിതക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ എത്തും. 3 ബോട്ടുകളില്‍ 12 പേരടങ്ങുന്ന സംഘത്തോട് പുറപ്പെടാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് പ്രളയത്തിന്റെ സമയത്തും വെള്ളം കയറിയ സ്ഥലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചിരുന്നു. അതേസമയം ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ചാലക്കുടി പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തൃശൂരില്‍ അഞ്ചു താലൂക്കുകളിലായി 200 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.

അതിനിടെ കുലംകുത്തിയൊഴുകുന്ന ചാലക്കുടി പുഴയില്‍ പെട്ട കാട്ടാന തുരുത്തില്‍ കയറി രക്ഷപ്പെട്ടിരിക്കുകയാണ്. സ്ഥിതി വിലയിരുത്താന്‍ റവന്യു മന്ത്രി കെ.രാജന്‍ ചാലക്കുടിയില്‍ യോഗം വിളിച്ചിരുന്നു. രണ്ട് ദിവസം കൂടി മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുതല്‍ വന്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം ചാലക്കുടിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
തോരാമഴയില്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് കളക്ടര്‍ തൃശൂര്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടായിരുന്നു. ചാലക്കുടി എം എല്‍ എ ടി ജെ സനീഷ് കുമാറിന്റെ നേത്യത്വത്തില്‍ ജനപ്രതിനിധികള്‍ പുലര്‍ച്ചെ തൊട്ട് ആളുകളെ മാറ്റിപാര്‍പ്പിക്കാനുണ്ടായിരുന്നു.
പറമ്പിക്കുളത്ത് നിന്ന് പതിനായിരം ഘനയടി ജലമാണ് പെരിങ്ങല്‍ക്കുത്തിലേയ്ക്ക് തുറന്ന് വിട്ടത്. ഇതോടെയാണ് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പിന്നാലെ കനത്ത മഴയും എത്തിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഒട്ടേറെ കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോയിരിക്കുകയാണ്.
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയ്ക്ക് സമീപം താമസിക്കുന്നവരോട് മാറി താമസിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് ഏഴ് പേരാണ് മരിച്ചത്. സംസ്ഥാനത്തെ ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തത് കാരണം ജലനിരപ്പ് ഉയര്‍ന്നതോടെയാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍കുത്ത് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.












Click it and Unblock the Notifications