തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിസാ തട്ടിപ്പ്: കോടികളുമായി വിദേശത്തേക്കു കടന്ന പ്രതി പിടിയില്‍, പണം തട്ടിയത് കനേഡിയന്‍ വിസയില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കനേഡിയന്‍ ജോബ് വിസ റെഡിയാക്കി തരാമെന്ന് കളവുപറഞ്ഞ് വിശ്വസിപ്പിച്ച് മാപ്രാണം സ്വദേശികളായ യുവദമ്പതികളില്‍നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വരന്തരപ്പിള്ളി കുണ്ടായി സ്വദേശി കരീകുളങ്ങര വീട്ടില്‍ രഞ്ജിത്ത് (27) പിടിയില്‍.

ഇരിങ്ങാലക്കുട സിഐ എം കെ സുരേഷ് കുമാറും സംഘവും ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. 2016 ഡിസംബറിലാണ് സംഭവം. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശ രാജ്യത്തിലെ നിശാക്ലബുകളില്‍ നിത്യ സന്ദര്‍ശനം നടത്തുന്നതാണ് ഇയാളുടെ രീതി. വിദ്യാസമ്പന്നരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തേടിപിടിച്ചാണ് ഇയാള്‍ തട്ടിപ്പിനായി സമീപിച്ചിരുന്നത്.

arrested-08

താന്‍ വിദേശ എംബസിയില്‍ ജീവനക്കാരനാണെന്നും വിവിധ എംബസികളില്‍ ഉന്നതരുമായി ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കാനഡയില്‍ മാസംതോറും ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന ജോലിയും ഫാമിലി വിസ ശരിയാക്കി തരാമെന്നും വിശ്വസിപ്പിച്ചു. വ്യാജ കനേഡിയന്‍ വിസ കാണിച്ചാണ് വിശ്വസിപ്പിച്ചത്. ഇവരെ രണ്ടുതവണ ഇന്റര്‍വ്യൂവിനായി ജക്കാര്‍ത്തയിലെത്തിച്ച് ആഴ്ചകളോളം താമസിപ്പിച്ച് തിരിച്ചയക്കുകയും ചെയ്തു. യുവദമ്പതികള്‍ ഇരിങ്ങാലക്കുടയിലെ വിവിധ ബാങ്കുകളില്‍ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി പണം അയച്ചിരുന്നു. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ ദമ്പതികള്‍ ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. അതോടെ ഇയാള്‍ നാട്ടില്‍നിന്നും മുങ്ങി നടക്കുകയായിരുന്നു.


കണ്ണൂരിലെ രണ്ടു യുവാക്കളെയും ഇയാള്‍ വ്യാജമായി നിര്‍മിച്ച ജോബ് വിസ നല്‍കി തട്ടിപ്പിനിരയാക്കി. യുവാക്കള്‍ ഈ വിസയുമായി കാനഡയിലേക്ക് പോകാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലാകുകയും മുംബൈ ജയിലില്‍ തടവിലാകുകയും ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി യുവാക്കളെയാണ് പ്രതി തട്ടിപ്പിന് ഇരയാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തും വിസ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു.

വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടുന്നതിനായി ഇന്ത്യയിലെ മുഴുവന്‍ എയര്‍പോര്‍ട്ടിലും പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിനായി ഇയാള്‍ നാട്ടില്‍ വരാന്‍ സാധ്യത ഉള്ളതായി അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. കേരളത്തിലെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ പിടിയിലാവുമെന്ന സൂചന കിട്ടിയതിനാല്‍ ഇയാള്‍ ശ്രീലങ്കയില്‍നിന്നും ചെന്നൈ എയര്‍പോര്‍ട്ടിലാണ് വന്നിറങ്ങിയത്. അവിടെവച്ച് പോലീസ് അറസ്റ്റ് ചെയ്തു. പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ പരിശോധിച്ചതില്‍നിന്നും രഞ്ജിത്ത് ഫിലിഫൈന്‍സ്, തായ്‌ലന്റ്, ഫിജി , വിയറ്റ്‌നാം, യു.കെ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളതായും വ്യക്തമായി. തനിക്ക് യു.കെ. പാസ്‌പോര്‍ട്ടും ഉണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

visafraud

പഞ്ചാബ് സ്വദേശികളായ രണ്ടുപേരുടെ സഹായം തട്ടിപ്പിന് ഉണ്ടായെന്നു പറഞ്ഞതിനാല്‍ മറ്റുള്ള പ്രതികളെ കുറിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ദമ്പതികളുടെ പരാതിയില്‍ വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷനിലാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസ് ഇരിങ്ങാലക്കുട പോലീസിനു കൈമാറി. ഡിവൈ.എസ്.പി., സി.ഐ. എം.കെ. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ.എസ്. സുശാന്ത്, തോമസ് വടക്കന്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. പ്രതാപന്‍, മുരുകേഷ് കടവത്ത്, കെ.ഡി. രമേഷ്, അരുണ്‍, എം.എസ്. വൈശാഖ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Thrissur
English summary
Visa fraud: accused arrested with huge amount of cash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X