• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയില്‍: മൊറട്ടോറിയം പരിഹാരമല്ല; കടം എഴുതിത്തള്ളിയില്ലെങ്കില്‍ ആത്മഹത്യകള്‍ കൂടുമെന്നും മുന്നറിയിപ്പ്

  • By Desk

കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷികമേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയയവും, കടാശ്വാസ വായ്പാപരിധി ഉയര്‍ത്തിയതും, വിളനാശത്തിന്റെ നഷ്ടപരിഹാരം വര്‍ധിപ്പിച്ചതും മതിയാവില്ലെന്ന് കര്‍ഷകര്‍. കടുത്ത പ്രതിസന്ധിയാണ് വയനാട്ടിലെ കാര്‍ഷികമേഖല നേരിടുന്നത്. കുടിയേറ്റ മേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളാണ് ജില്ലയിലെ പ്രധാന കാര്‍ഷികമേഖലകളിലൊന്ന്.

വരള്‍ച്ച നേരിടാന്‍ കടുത്ത നടപടികളുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം; വിപുലമായ നടപടികള്‍ക്കു രൂപം നല്‍കി!

ഇവിടെ അതിരൂക്ഷമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. പ്രളയത്തിന് ശേഷം ആകെ ലഭിച്ചത് ഒരു മഴ മാത്രമാണ്. മഴത്തുടര്‍ന്ന് പൂവിട്ട കാപ്പികളുടെ പൂവെല്ലാം കരിഞ്ഞുവീണ് കഴിഞ്ഞു. അടുത്ത സീസണില്‍ കാപ്പിയിലുള്ള പ്രതീക്ഷ പൂര്‍ണമായി തന്നെ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് തോട്ടം നനക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതില്‍ ഇനിയുള്ള ദിവസങ്ങളിലും മഴയില്ലെങ്കില്‍ തോട്ടങ്ങള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങും.

Drought

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കതിരിട്ട കുരുമുളക് വള്ളികള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങി കഴിഞ്ഞു. അവശേഷിക്കുന്ന ഇലകളാവട്ടെ മഞ്ഞനിറം ബാധിച്ച് കരിഞ്ഞുപോകുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്. പ്രളയത്തിന് ശേഷം കമുകിന് വ്യാപകമായ രോഗബാധയുണ്ടായി പൂര്‍ണമായി തന്നെ നശിച്ചു കഴിഞ്ഞു. തെങ്ങിലാണെങ്കില്‍ വിളകള്‍ വേണ്ടത്ര രീതിയില്‍ ഉണ്ടാകാത്ത സാഹചര്യവുമുണ്ട്.

ഇത്തരത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. 2019 ഡിസംബര്‍ വരെ ജപ്തി നടപടികളുണ്ടാവില്ലെന്നതൊഴിച്ചാല്‍ ഇത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് കര്‍ഷകനായ ജോസ് പറയുന്നു. ഡിസംബറാകുമ്പോഴേക്കും കര്‍ഷകരുടെ വായ്പയില്‍ പലിശ ഇരട്ടിയായി ലോണ്‍തുകയില്‍ ക്രമാധീതമായ വര്‍ധനവുണ്ടാകും. എന്നാല്‍ വിളവെടുക്കാനൊന്നുമില്ലാത്ത സാഹചര്യത്തില്‍ വായ്പയടക്കാന്‍ കര്‍ഷകന് സാധിക്കില്ല.

അതുകൊണ്ട് അടിയന്തരമായി കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യമാണ് കുടിയേറ്റ മേഖലയില്‍ നിന്നടക്കമുള്ള ആവശ്യം. കര്‍ഷകസംഘടനകള്‍ ഒറ്റക്കെട്ടായി തന്നെ ഈ ആവശ്യമുന്നയിച്ചുകഴിഞ്ഞു. വയനാട് ജില്ലയിലെ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് വിവിധ കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ കര്‍ഷക സഖ്യം ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി ജില്ലയില്‍ അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

വരള്‍ച്ച, പ്രളയം, വിളനാശം, വന്യമൃഗശല്യം, വിളത്തകര്‍ച്ച എന്നിവയാല്‍ കര്‍ഷകര്‍ പൊറു തിമുട്ടുകയാണ്. ഡിസംബര്‍ 31വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ധിക്കാരപരമായ നടപടിയെത്തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹ്യയില്‍ അഭയം പ്രാപിക്കുകയാണ്. കാര്‍ഷിക കടങ്ങളില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാന്‍ പാടില്ലെന്നിരിക്കെ 900ത്തില്‍പ്പരം കര്‍ഷകര്‍ സര്‍ഫാസി ചുമത്തപ്പെട്ട് ജപ്തി നടപടി നേരിടുകയാണ്. കര്‍ഷക പെന്‍ഷനുവേണ്ടി സമര്‍പ്പിക്കപ്പെട്ട 2016 ജൂലൈ മുതലുള്ള അപേക്ഷകള്‍ ഒന്നും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും കര്‍ഷക സഖ്യത്തിന്റെ ഭാരവാഹികള്‍ പറയുന്നു.

Wayanad

English summary
Agri field issue after morotoriam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X