നരഭോജി കടുവയെ ജീവനോടെ പിടിക്കണം, ഇതുവരെ കൊന്നത് 4 പേരെ, നെട്ടോട്ടമോടി ദ്രുതകര്‍മ സേന
ഗൂഡല്ലൂര്‍: വയനാട് ജില്ലയില്‍ വിട്ടുമാറാതെ കടുവാപ്പേടി. നരഭോജി കടുവയെ ഇതുവരെ പിടിക്കാനായിട്ടില്ല. എന്നാല്‍ ജീവനോടെ പിടിക്കണമെന്നതാണ് ഉത്തരവ്. അതുകൊണ്ട് വെടിവെച്ച് കൊല്ലുക ബുദ്ധിമുട്ടേറിയ കാര്യമാണ്. നാട്ടുകാര്‍ക്കും തിരച്ചില്‍ സംഘത്തിനും നേരെ വരെ ചീറിയടുത്ത കടുവയെ പിടിക്കുക എന്ന വലിയ പ്രശ്‌നമാണ് ഇപ്പോല്‍ മുന്നിലുള്ളത്. മുതുമല കടുവാ സങ്കേതത്തിനകത്ത് കടന്നിരിക്കുകയാണ് ഇപ്പോള്‍ നരഭോജി കടുവ. ഇതിനെ മയക്കുവെടി വെച്ച് പിടിക്കാനാണ് ശ്രമം. ഇതിനോടകം നാല് പേരെ കടുവ കൊന്ന് കഴിഞ്ഞു. കടുവയെ വെടിവെച്ച് കൊല്ലാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

കടുവയെ കണ്ടെത്തി ജീവനോടെ പിടിക്കാനാണ് പുതിയ തീരുമാനം. കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു ചിലര്‍. ഇതോടെയാണ് ഈ തീരുമാനം മാറ്റിയത്. മസിനഗുഡിയിലേക്ക് നേരത്തെ കടന്നിരുന്നു കടുവ. തമിഴ്‌നാട് വനംമന്ത്രി കെ രാമചന്ദ്രന്‍ അടക്കം മസിനഗുഡിയില്‍ എത്തിയിരിക്കുകയാണ്. ജനവാസ മേഖലയില്‍ നിന്നാണ് മസിനഗുഡിയില്‍ നരഭോജി കടുവയെത്തിയത്. നേരത്തെ ദേവന്‍ എസ്‌റ്റേറ്റില്‍ അടക്കം ഈ കടുവയെ പിടിക്കാന്‍ കെണിയൊരുക്കി കാത്തിരുന്നു. എന്നാല്‍ എല്ലാ കണ്ണുകളെയും വെട്ടിച്ച് സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു നരഭോജി കടുവ.
അതേസമയം കടുവയെ മുതുമല കടുവാ സങ്കേതത്തിനകത്ത് എത്തുന്നതിനിടെ പിടികൂടാനുള്ള നടപടികളും ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോത്ര വയോധികന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജനങ്ങളാകെ തെരുവില്‍ ഇറങ്ങിയിരുന്നു. നാട്ടുകാരെ തണുപ്പിക്കാന്‍ കൂടിയായിരുന്നു നേരത്തെ വെടിവെച്ച് കൊല്ലുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കൊല്ലപ്പെട്ട മംഗള ബസവന്റെ മൃതദേഹവുമായി നാട്ടുകാരും ഇയാളുടെ ബന്ധുക്കളും സമരത്തിലായിരുന്നു. കടുവയെ ഇതിനൊപ്പം കണ്ടെത്താന്‍ സാധിക്കാത്തതും ഇവരെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ടി23 എന്ന് വിശേഷിപ്പിക്കുന്ന കടുവയുടെ ചിത്രങ്ങള്‍ വെച്ചാണ് പരിശോധന.
എത്രയും വേഗം കടുവയെ പിടിച്ചില്ലെങ്കില്‍ അതില്‍ ജനരോഷം മന്ത്രി അടക്കമുള്ളവര്‍ നേരിടേണ്ടി വരും. നേരത്തെ ഈ ഭാഗത്ത് രണ്ട് കടുവകളെ കണ്ടെത്തിയിരുന്നു. അതേസമയം വനത്തില്‍ കയറിയ കടുവയായത് കൊണ്ട് അധിക ദിവസം അവിടെ തന്നെ തങ്ങി നില്‍ക്കാന്‍ സാധ്യത കുവറവാണ്. മുതുമല കടുവാ സങ്കേതത്തിന്റെ ചരിത്രത്തില്‍ തന്നെ വലിയ ദൗത്യമാണ് ഇപ്പോള്‍ നടക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ദ്രുതകര്‍മസേനയിലെ പന്ത്രണ്ട് പേരാണ് കടുവയെ പിടിക്കാനായി രംഗത്തുള്ളത്. ഇവര്‍ കഴിഞ്ഞ ഒമ്പത് ദിവസമായി രംഗത്തുണ്ട്. പക്ഷേ കടുവ ഇപ്പോഴും പിടികിട്ടാപുള്ളിയെ പോലെ നടക്കുകയാണ്.
കര്‍ണാടകയുടെ ഡ്വാഗ് സ്‌ക്വാഡും കടുവയെ പിടിക്കാനായി രംഗത്തുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ പിടിക്കാന്‍ മൂന്ന് സംഘങ്ങളാണ് ഉള്ളത്. ഒപ്പം താപ്പാനകളെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. നേരത്തെ മസിനഗുഡിയിലെ സിങ്കാര റോഡിലെ ക്വാറിക്ക് സമീപം കന്നുകാലികളെ മേയ്ക്കാനെത്തിയതായിരുന്നു കടുവ കൊലപ്പെടുത്തിയ മംഗള ബസവന്‍. അതേസമയം വയനാട് വന്യജീവിതി സങ്കേതത്തില്‍ നിന്നുള്ള ദ്രുതകര്‍മ സേനയും നക്‌സല്‍ വിരുദ്ധ സേനയും കടുവയെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അതൊന്നും വിജയിച്ചിരുന്നില്ല. നകസല്‍ വിരുദ്ധ സേന മുമ്പ് ബിതിര്‍ക്കാടിലും നെല്ലാക്കോട്ടയിലും നരഭോജി കടുവകളെ വെടിവെച്ച് കൊന്നിരുന്നു. അതുകൊണ്ടാണ് ഇവരെയും ഉള്‍പ്പെടുത്തി കടുവയെ പിടിക്കാനിറങ്ങിയത്.
വനംവകുപ്പിന്റെ മാത്രം ഇരുന്നൂറ് ജീവനക്കാര്‍ തിരച്ചിലിന്റെ ഭാഗമായുള്ളത്. സ്‌ട്രൈക്കിംഗ് ഫോഴ്‌സും ഒപ്പം നക്‌സല്‍ വിരുദ്ധ സേനയും രംഗത്തുണ്ട്. തിരച്ചില്‍ ഇന്നലെ വൈകീട്ടോടെ അവസാനിപ്പിച്ചിരുന്നു. മസിനഗഗുഡിയിലെ ചെക്‌പോസ്റ്റ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. കടുവ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ആടിനെ കെട്ടി കൂടി സ്ഥാപിച്ചിരിക്കുകയാണ്. ഇന്ന് വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ദേവന്‍ എസ്റ്റേറ്റില്‍ കടുവയെ ഇതേ പോലെ പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നേരത്തെ നടത്തി പരാജയപ്പെട്ടതാണ്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ധനസഹായം കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു.












Click it and Unblock the Notifications