രോഗം മാറാന്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹൃദ്രോഗ ബാധിതയായ കുട്ടി മരിച്ചു
മാനന്തവാടി: രോഗം മാറാന്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു. ഹൃദയസംബന്ധമായ അസൂഖങ്ങളെ തുടര്‍ന്ന് രണ്ടരവയസ്സുള്ള കുട്ടിയുടെ തൂക്കം കേവലം രണ്ട് കിലോഗ്രാം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആരോഗ്യ വകുപ്പ് അധികൃതരുടെയും മറ്റ് പ്രദേശവാസികളുടെയും നിര്‍ദ്ദേശം കൂട്ടാക്കാതെ വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു മാതാപിതാക്കള്‍.
വ്യാഴാഴ്ച ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും രക്ഷിതാക്കള്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കുട്ടി മരണപ്പെടുകയായിരുന്നു. പ്രാര്‍ത്ഥനയില്‍ അസുഖം മാറുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ കൃത്യമായ ചികിത്സ നല്‍കാതെ പുല്‍പ്പള്ളിയിലുള്ള വീട്ടില്‍ പെണ്‍കുട്ടിയോടൊപ്പം പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു.

പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഒരാഴ്ചമുമ്പാണ് ആരോഗ്യ വകുപ്പ് അധികൃതരുടെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെയും സഹായത്തോടെ പെണ്‍കുട്ടിയെ മാനന്തവാടി ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖവും, തൂക്കകുറവും ഉണ്ടായിരുന്നതായി പരിശോധനയില്‍ വ്യക്തമാകുകയും ചെയ്യുകയായിരുന്നു. നേരത്തെ പൊതുജനങ്ങളുടെ നിര്‍ബന്ധം മൂലമാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഇടയ്ക്കിടയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയുമാണ് ചെയ്തിരുന്നത്.












Click it and Unblock the Notifications