രാഹുലും പ്രിയങ്കയും സോണിയയും വയനാട്ടിലെത്തും: മണ്ഡലത്തില്‍ പ്രചരണം കൊഴുപ്പിക്കാന്‍ യുഡിഎഫ്, സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും വയനാട് സന്ദര്‍ശനത്തിന്റെ ജനപ്രവാഹത്തെ കുറിച്ചുള്ള അമ്പരപ്പ് മാറും മുമ്പ് എല്‍ ഡി എഫ് ക്യാംപിനെ ആശങ്കയിലാഴ്ത്തി രാഹുലും പ്രിയങ്കയും ഒപ്പം സോണിയാഗാന്ധിയും ജില്ലയില്‍ പ്രചരണത്തിനെത്തുമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ഗാന്ധി ഈ മാസം 16, 17 തിയ്യതികളിലൊന്നില്‍ വയനാട്ടില്‍ വീണ്ടും പ്രചരണത്തിനെത്തും.
സോണിയാഗാന്ധിയും, പ്രിയങ്കാഗാന്ധിയും പ്രചരണത്തിനെത്തണമെന്ന് എ ഐ സി സിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എമ്മിന് ഈ തിരഞ്ഞെടുപ്പില്‍ യാതൊരു വിധ പ്രസക്തിയുമില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ല, ബീഹാറിലും, മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആരും സി പി എമ്മിനെ ഒപ്പം കൂട്ടിയില്ല. എന്നിട്ടും പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും മത്സരിച്ച് വാചകമടിക്കുകയാണ്.

മതേതര നിലപാടിനൊപ്പമാണെങ്കില്‍ രാഹുല്‍ഗാന്ധിക്കെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. അമേഠിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ എസ് പിയും, ബി എസ് പിയും കാണിച്ച മാതൃക കാട്ടാനാണ് സി പി എം തയ്യാറാകേണ്ടത്. സി പി എം വൈരുദ്ധ്യപൂര്‍ണമായ നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എമ്മാണ് ഇപ്പോള്‍ തെറ്റായ സന്ദേശം നല്‍കുന്നത്. സി പി എം ഇപ്പോള്‍ സ്വീകരിക്കുന്ന നടപടി ബി ജെ പിയെ സഹായിക്കാനാണെന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തി.
വിടുവായത്തം പറയുന്ന മോദിയെ പോലെയും, പൊള്ളയായ വാഗ്ദാനം നല്‍കുന്ന പിണറായിയെ പോലെയുമുള്ള നേതാവല്ല രാഹുല്‍ഗാന്ധി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും കോണ്‍ഗ്രസ് നടപ്പിലാക്കും. മോദിയുടെ വര്‍ഗീയരാഷ്ട്രീയത്തിന്റെ തേര്‍വാഴ്ച അവസാനിപ്പിക്കാന്‍ മോദിക്ക് മാത്രമെ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈമാസം 11ന് പിണറായി വിജയന്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജില്ലയിലെത്തുന്നുണ്ട്. കാല്‍ലക്ഷം ആളുകളെ സംഘടിപ്പിച്ച് റോഡ് ഷോ നടത്താനുള്ള പരിപാടികളാണ് സി പി എം ആസൂത്രണം ചെയ്യുന്നത്. അമിത്ഷാ അടക്കമുള്ള നേതാക്കളെയെത്തിക്കാന്‍ എന്‍ ഡി എയും ശ്രമം നടത്തുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ തന്നെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ ദേശീയനേതാക്കള്‍ കൂടിയെത്തുന്നതോടെ ആവേശം ഇരട്ടിയാവും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications