പോളിന്റേയും അജീഷിന്റേയും വീട്ടിലെത്തി രാഹുല്‍ ഗാന്ധി; 'എല്ലാ സഹായവുമുണ്ടാകും, ഉറപ്പ്..'
വയനാട്: വയനാട്ടില്‍ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെയും പുല്‍പ്പള്ളി പാക്കത്ത് വെള്ളച്ചാലില്‍ പോളിന്റെയും കുടുംബങ്ങളെ ആണ് രാഹുല്‍ ആശ്വസിപ്പിക്കാനായി എത്തിയത്. എല്ലാ സഹായങ്ങളും നല്‍കാമെന്ന് രാഹുല്‍ പറഞ്ഞതായി അജീഷിന്റെ മകള്‍ അല്‍ന പറഞ്ഞു.
പോളിന്റെ വീട്ടിലെത്തിയ രാഹുല്‍ മകള്‍ സോനയുമായി അല്‍പനേരം സംസാരിച്ചു. എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ സോന മടിച്ചു. ആഗ്രഹം പറഞ്ഞിട്ട് അതു നടാക്കാതെ പോയാലോ എന്നായിരുന്ന സോന രാഹുലിനോട് പറഞ്ഞത്. എന്നാല്‍ ആഗ്രഹം തുറന്നു പറഞ്ഞാലേ തനിക്ക് സഹായിക്കാന്‍ സാധിക്കൂ എന്ന് പറഞ്ഞപ്പോള്‍ സോന സര്‍ക്കാര്‍ ജീവനക്കാരിയാകണം എന്നും ഐ എ എസ് ആണ് ലക്ഷ്യം എന്നും വ്യക്തമാക്കി.

മാനന്തവാടി മെഡിക്കല്‍ കോളജിന്റെ പരിതാപകരമായ അവസ്ഥയും സോന രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇവിടെ അടിയന്തരമായി ചികിത്സാസൗകര്യം ഒരുക്കണം എന്ന് സോന പറഞ്ഞു. എല്ലാ സഹായവും നല്‍കാമെന്ന് ഉറപ്പ് നല്‍കിയ രാഹുല്‍ വീട് പുതുക്കി പണിയുന്നതിന് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇതിനായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ തന്നെ അറിയിക്കണമെന്നും രാഹുല്‍ പറഞ്ഞു. പോളിന്റെ ഭാര്യ സാലിയുടെ പിതാവ് തോമസാണ് രാഹുലിനോട് കാര്യങ്ങള്‍ ഇംഗ്ലിഷില്‍ അവതരിപ്പിച്ചത്. തോമസിന്റെ ഇംഗ്ലീഷ് നല്ലതാണെന്നും പോള്‍ എവിടെ വച്ചാണു കൊല്ലപ്പെട്ടതെന്നും രാഹുല്‍ തോമസിനോട് ചോദിച്ചു. പോളിന്റെ ഫോട്ടോ കാണണമെന്ന് പറഞ്ഞ രാഹുല്‍ ഇഷ്ടപ്പെട്ട ഭക്ഷണം എന്തായിരുന്നുവെന്നും ആരാഞ്ഞു.
പോളിന്റെ വീടിന് പുറത്തുണ്ടായിരുന്നു നാട്ടുകാരില്‍ ചിലരുമായും രാഹുല്‍ സംസാരിച്ചു. ചിലര്‍ വൈകാരികമായി രാഹുലിനോട് വന്യമൃഗ ശല്യത്തിന്റെ ദുരവസ്ഥ വിവരിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ പ്രദേശത്തെ വിവരങ്ങള്‍ ധരിപ്പിച്ചില്ലെന്ന പരാതിയുമായി ചാലിഗദ്ദയിലെ നാട്ടുകാര്‍ രംഗത്തെത്തി. രാഹുലിനോട് സംസാരിക്കാന്‍ അവസരം ഒരുക്കിയില്ല എന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു.
ഇന്നലെ കണ്ണൂരില്‍ എത്തിയ രാഹുല്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഭാരത് ജോഡോ ന്യായ് യാത്രക്ക് ഒരു ദിവസം ഇടവേള നല്‍കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തിയത്. തുടര്‍ച്ചയായുണ്ടായുന്ന വന്യജീവി ആക്രമണങ്ങളെ ചൊല്ലി വയനാട്ടില്‍ ജനരോഷം മൂര്‍ധന്യത്തിലാണ്. കഴിഞ്ഞ ദിവസം ജില്ലയില്‍ കടുവയുടെ ആക്രമണമുണ്ടായിരുന്നു.












Click it and Unblock the Notifications