തൊവരിമല ഭൂസമരം; സമര നേതാവ് കുഞ്ഞിക്കണാരനെ ആശുപത്രിയിലേക്ക് മാറ്റി; കല്‍പ്പറ്റയിലെ സമരപ്പന്തലില്‍ പി വെളിയന്‍ നിരാഹാരം തുടങ്ങി
കല്‍പ്പറ്റ: തൊവരിമല ഭൂസമരവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചുവന്ന ഭൂസമരസമിതി നേതാവ് എം പി കുഞ്ഞിക്കണാരനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈത്തിരി സബ്ജയിലില്‍ നിരാഹാരം ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു കുഞ്ഞികണാരനെ കണ്ണൂരിലേക്ക് മാറ്റിയത്.
അവിടെയെത്തിയപ്പോഴും അദ്ദേഹം നിരാഹാരം തുടരുകയായിരുന്നു. വ്യാഴാഴ്ച കാലത്ത് പത്ത് മണിയോട് കൂടിയാണ് എം.പി. കുഞ്ഞിക്കണാരനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലും അദ്ദേഹം നിരാഹാര സമരം തുടരുകയാണ്. നിരാഹാരം ഇപ്പോള്‍ നാല് ദിവസം പിന്നിട്ടു. അതേസമയം, കല്‍പ്പറ്റയില്‍ വയനാട് കലക്‌ട്രേറ്റിന് മുമ്പിലെ സമരപ്പന്തലില്‍ ആദിവാസി സമരനേതാവ് പി.വെളിയന്‍ നിരാഹാരം ആരംഭിച്ചു.

തൊവരിമല ഭൂസമരത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിനെതിരെ ജയിലില്‍ നിരാഹാരം തുടരുന്ന ഭൂസമരസമിതി സംസ്ഥാന കണ്‍വീനര്‍ എം.പി.കുഞ്ഞിക്കണാരനോട് ഐക്യദാര്‍ഢ്യവുമായാണ് സമരപ്പന്തലില്‍ അമ്പലവയല്‍ പെരുമ്പാടിക്കുന്ന് ആദിവാസി കോളനിയിലെ പി.വെളിയന്‍ റിലേ നിരാഹാര സമരം ആരംഭിച്ചത്. ഭൂസമരസമിതിയുടെ ജില്ലാ കണ്‍വീനര്‍ കൂടിയാണ് വെളിയന്‍. വ്യാഴാഴ്ച ആരംഭിച്ച നിരാഹാരസമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം.
മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയായ ഡയറ്റിലെ മുന്‍ അധ്യാപകന്‍ കെ.കെ.സുരേന്ദ്രനാണ് നിരാഹാരസമരം ഉദ്ഘാടനം ചെയ്തത്. സമരം 15 ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തതും, സമര നേതാക്കള്‍ ജയിലില്‍ തുടരുന്ന വിധത്തില്‍ സര്‍ക്കാര്‍ സമീപനം സ്വീകരിക്കുന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി.
ആദിവാസികള്‍ക്കായി പ്രതിവര്‍ഷം നീക്കി വെക്കുന്ന ആയിരം കോടി രൂപ മറ്റ് കാര്യങ്ങള്‍ക്കായി മാറ്റി ചെലവഴിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സി പി ഐ എം എല്‍ റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ.ദാസന്‍, ആര്‍ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി എന്‍ ഡി വേണു, എ ഐ ആര്‍ ഡബ്ല്യു ഒ കണ്‍വീനര്‍ എ.എം.സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications