വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി, മൂലങ്കാവില്‍ മൂരിക്കിടാവിനെ കൊന്നു
ബത്തേരി: വയനാട്ടില്‍ വീണ്ടും സജീവമായി കടുവാ ശല്യം. മൂലങ്കാവിന് അടുത്ത് 64 എറളോട്ടു കുന്നില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന മൂരിക്കിടാവനെ കടുവ കൊന്നു. ബിനു എന്നയാളുടെ മൂരിക്കിടാവിനെയാണ് കൊന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കടുവ മൂരിക്കിടാവിനെ ആക്രമിച്ചത്. നാലരയോടെയാണ് കടുവ എത്തിയത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് തന്നെയുള്ള തൊഴുത്തിലെത്തി മൂരിക്കിടാവിനെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ മൂരിക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ ഇരുട്ടില്‍ ഓടി മറയുകയായിരുന്നു. അതേസമയം ഡെപ്യൂട്ടി റേഞ്ചര്‍ അടക്കമുള്ള വനപാലക സംഘം ഇവിടെയെത്തിയിരുന്നു. സമീപത്ത് തന്നെയുള്ള കൃഷിയിടത്തില്‍ നിന്നാണ് മൂരിക്കിടാവിനെ കണ്ടെത്തിയത്. മുത്തങ്ങ, കുറിച്ച്യാട്, റേഞ്ച് ഓഫീസര്‍മാര്‍ സ്ഥലത്തെത്തി. ഇവരാണ് നാട്ടുകാരും, ജനപ്രതിനിധകളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചത്.

കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും വനംവകുപ്പിനെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു. വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി മൂരിക്കിടാവിനെ പോസ്റ്റുമോര്‍ട്ടം ചെയ്തു. നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം പ്രദേശത്ത് കടുവയിറങ്ങിയ സാഹചര്യത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വനംവകുപ്പ് രാത്രിയിലെ പട്രോളിംഗും ശക്തമാക്കി.
പ്രദേശത്തെ കാടുമൂടി കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിത്തെളിക്കാനും തീരുമാനമായി. നേരത്തെ ചെല്ലങ്കോട് ഇതുപോലെ പുലിയിറങ്ങിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. പുലി ഗര്‍ഭിണിയായ ആടിനെ കൊന്നിരുന്നു. ഇതേ സ്ഥലത്ത് നിന്ന് രണ്ട് മാസം മുമ്പ് ആടിനെ കൊന്ന് തിന്നിരുന്നു പുലി. മൂന്നോളം ആടുകളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവിടെയും വനംവകുപ്പ് കാര്യമായി ഇടപെടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
വന്യമൃഗ ശല്യം ജില്ലയില്‍ രൂക്ഷമായിരിക്കുകയാണ്. ഗൂഡല്ലൂരില്‍ നേരത്തെ പോലീസ് സ്‌റ്റേഷനില്‍ കരടി കയറിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് സംഭവിച്ചത്. സ്റ്റേഷന്റെ പ്രധാന കവാടം വഴിയാണ് കരടി ഉള്ളിലെത്തിയത്. ഇതുവഴി പോയ ഓട്ടോറിക്ഷക്കാരും കരടിയെ കണ്ടിരുന്നു. വനപാലകര്‍ രാവിലെ തന്നെ സ്റ്റേഷനിലെത്തി കരടിയെ നിരീക്ഷിക്കാനുള്ള നടപടികളും ആരംഭിച്ചു.
ആദ്യമായിട്ടാണ് ഗൂഡല്ലൂരില്‍ കരടിയിറങ്ങുന്നത്. ആനയും, കാട്ടുപോത്തും, പുലിയുമെല്ലാം ഇവിടെ ഇറങ്ങിയിട്ടുണ്ട്. ഊട്ടി, കൂനൂര്‍, കോത്തഗിരി, ഭാഗങ്ങളില്‍ വീടുകളില്‍ കയറി ഭക്ഷ്യവസ്തുക്കള്‍ തിന്നുന്ന കരടികളെ പിടികൂടി മുതുമല കടുവാ സങ്കേതത്തിലാണ് വിട്ടയക്കുന്നത്. എന്നാല്‍ ഇവ പിന്നീട് വനത്തിന് പുറത്തേക്ക് ഇറങ്ങാറുണ്ട്. ഇങ്ങനെയുള്ള കരടിയായിരിക്കും ഗൂഡല്ലൂരില്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications