മുള്ളന്‍കൊല്ലിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ച് കടുവ, വയനാട്ടില്‍ വീണ്ടും വന്യമൃഗ ഭീഷണി
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലിയില്‍ വീണ്ടും നാട്ടുകാരെ വിറപ്പിച്ച് ടൗണില്‍ കടുവയിറങ്ങി. ഞായറാഴ്ച്ച പുലര്‍ച്ചെ പള്ളിയില്‍ പോയവര്‍ കടുവയെ കാണുകയും ചെയ്തു. ടൗണ്‍ പരിസരത്ത് കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിക്കുകയും ചെയ്തു. പശുക്കിടാവിനെ ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ഉള്ളത്. കടുവ ഭീതി കുറഞ്ഞുവെന്ന് ആശ്വസിച്ച് വരികയായിരുന്നു മുള്ളന്‍ക്കൊല്ലി നിവാസികള്‍.
ക്ഷീര സംഘത്തിനടുത്തുള്ള തോമസ് എന്നയാളുടെ പശുക്കിടാവിനെയാണ് കൂട്ടില്‍ നിന്ന് കടിച്ച് കൊണ്ടുപോയത്. പിന്നീട് നാട്ടുകാരും സമീപവാസികളും ചേര്‍ന്ന് വനപാലകരെ വിളിച്ചുവരുത്തിയ ശേഷമാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് വീടിന് 150 മീറ്റര്‍ അകലെ വയല്‍ഭാഗത്തിലാണ് പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. സ്ഥലത്ത് വനപാലകര്‍ തിരച്ചില്‍ നടത്തി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.

കഴിഞ്ഞ ഒരു മാസത്തിലേറെയായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങള്‍ കടുവ ഭീതിയിലാണ്. മുള്ളന്‍കൊല്ലി ടൗണില്‍ നിന്ന് 500 മീറ്റര്‍ മാറിയുള്ള സ്ഥലത്ത് നിന്നാണ് കടുവ മൂരിക്കിടാവിനെ കൊന്നത്. ഇത് ജനവാസ കേന്ദ്രമാണ്. നാല് സ്ഥലത്ത് കൂട് സ്ഥാപിച്ചെങ്കിലും കടുവ അതിനടുത്തെത്തിയിട്ടില്ല.
കൂട് സ്ഥാപിക്കുന്നതില്‍ കാര്യമില്ലെന്നതിനാല്‍ മയക്കുവെടി വെച്ച് കടുവയെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മണിക്കൂറുകളോളം വനപാലകരെ തടഞ്ഞിരുന്നു. മയക്കുവെടി വെക്കാനുള്ള ഉത്തരവ് ലഭിച്ചെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇവിടെ കൂടുതല്‍ വനപാലകരെത്തി കൂട് സ്ഥാപിച്ചിട്ടുണ്ട്. രാത്രി ഇവിടെ പട്രോളിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പുല്‍പ്പള്ളി പഞ്ചായത്തിലെ താന്നി തെരുവ്, ആശ്രമ കൊല്ലി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വടാന കവല, സുരഭി കവല, എന്നിവിടങ്ങളില്‍ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂടിനോട് ചേര്‍ന്ന് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കൂട് സ്ഥാപിച്ച സ്ഥലത്തൊന്നും കടുവ പിന്നീട് വന്നിട്ടില്ല.
ക്യാമറകളില്‍ ഇവയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുമില്ല. ഒന്നിലധികം കടുവകള്‍ ഉണ്ടോയെന്നും നാട്ടുകാര്‍ സംശയിക്കുന്നു. കടുവ ഭീതിയാല്‍ തോട്ടങ്ങളില്‍ പണിക്ക് പോകാന്‍ പോലും ആളുകള്‍ ഭയപ്പെടുന്നുണ്ട്. അമ്പത്താറിലും കഴിഞ്ഞ ദിവസങ്ങളില്‍ കടുവ സാന്നിധ്യമുണ്ടായിരുന്നു. ഇവിടെ തോട്ടങ്ങളില്‍ അടക്കം മയക്കുവെടി വിദഗ്ധര്‍ അടക്കം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications