വിശ്വനാഥന്റെ മരണം: കടുംബത്തിന് നീതി ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

വയനാട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം മരണപ്പെട്ട നിലയില്‍ കണ്ട വിശ്വനാഥന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോള്‍ അവര്‍ ഈ മരണത്തില്‍ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്മോര്‍ട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. ധൃതിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ഉള്‍പ്പെടെ കുടുംബത്തിന് സംശയമുണ്ടെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പൂര്‍ണരൂപം.
'വയനാട് മണ്ഡലത്തിലെ ആദിവാസി യുവാവായ വിശ്വനാഥന്‍ തന്റെ ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്നത്. ഫെബ്രുവരി 9 നാണ് വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചതായി കുടുംബം ആരോപിക്കുന്നത്. അന്നുതന്നെ കാണാതായ വിശ്വനാഥനെ പിന്നീട് ഫെബ്രുവരി 10ന് മെഡിക്കല്‍ കോളേജിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തൂങ്ങിമരണമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷണക്കുറ്റം ചുമത്തിയതിന്റെ അവഹേളനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വാദം.
വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോള്‍ അവര്‍ ഈ മരണത്തില്‍ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്മോര്‍ട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. ധൃതിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ഉള്‍പ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്താണ് എന്ന പോലീസ് റിപ്പോര്‍ട്ടിനെ അവര്‍ തള്ളിക്കളയുന്നു. സംസ്ഥാന എസ്സി/എസ്ടി കമ്മീഷനും പോലീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളിയതായി മാധ്യമ വാര്‍ത്തകള്‍ കണ്ടു.
വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യര്‍ത്ഥിക്കുന്നു. വിശ്വനാഥന്റെ കുടുംബം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നവജാത ശിശു നീതി അര്‍ഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നല്‍കണം.' രാഹുല്‍ ഗാന്ധി എം പി കത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications