കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ കട ബാധ്യത എഴുതിത്തള്ളി കേരള ബാങ്ക്
കൽപ്പറ്റ: വയനാട് പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ കട ബാധ്യത എഴുതി തള്ളി കേരള ബാങ്ക്. അഞ്ച് ലക്ഷം രൂപയും പലിശയും ആയിരുന്നു തോമസിന് കേരള ബാങ്കിലുണ്ടായിരുന്ന ബാധ്യത. ഈ തുക എഴുതി തള്ളിയതായി തോമസിന്റെ വീട് സന്ദർശിച്ച കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
തോമസിന്റെ മകന് താൽക്കാലിക ജോലി നൽകാൻ നേരത്തേ ധാരണ ഉണ്ടായിരുന്നു. കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് കളക്ടർ സർവകക്ഷി നേതാക്കളെ അറിയിച്ചിരുന്നു. ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടർ എ ഗീത നടത്തിയ ചർച്ചയിലാണ് തീരുമാനം. തോമസിന്റെ മകന് സ്ഥിര ജോലിയ്ക്കും നഷ്ടപരിഹാരമായി 40 ലക്ഷം കൂടി നൽകാനുള്ള ശുപാർശയും മന്ത്രിസഭയ്ക്ക് നൽകാനും ധാരണയായിരുന്നു.

പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. 12 ന് രാവിലെയാണ് കൃഷിയിടത്തിൽ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.
രാജ്യത്തെ 10 അതിസമ്പന്നരുടെ സമ്പത്ത് മതി 25 വർഷത്തേക്ക് രാജ്യത്തെ കുട്ടികൾക്ക് പഠിക്കാൻ; റിപ്പോർട്ട്
അതേസമയം, വയനാട് ഗവ മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി കുടുംബം വന്നിരുന്നു. മരിച്ച തോമസിന് ചികിത്സ നൽകുന്നതിൽ വയനാട് ഗവ മെഡിക്കൽ കോളജ് വിഴ്ച വരുത്തിയെന്നാണ് കുടുംബം ആരോപണം ഉയർത്തിയത്. വൈദ്യുത മന്ത്രി കെ കൃണൻകുട്ടി കർഷകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു കുടുംബം പരാതി അറിയിച്ചത്. മെഡിക്കൽ കോളേജിൽ നല്ല ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ലെന്നും ആംബുലൻസ് അനുവദിച്ചതിലും വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. തോമസിന്റെ മകൾ സോനയാണ് മന്ത്രിക്ക് പരാതി നൽകിയത്.
മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്ത് വ്യാഴം രാവിലെയാണ് കടുവ ഇറങ്ങിയത്. രാവിലെ പത്ത് മണിയോടെ പ്രദേശവാസിയായ നടുപ്പറമ്പിൽ ലിസി എന്നായാളാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടത്. തുടർന്ന് ആലക്കൽ ജോമോന്റെ വയലിലും കണ്ടതായി നാട്ടുകാർ പറഞ്ഞു.












Click it and Unblock the Notifications