• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി വയനാട്ടില്‍: പുതിയ റേഷന്‍കാര്‍ഡ് നല്‍കും!

  • By desk

കല്‍പ്പറ്റ: വയനാട്ടില്‍ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം. എല്ലാം നഷ്ടപ്പെട്ട് ക്യാംപുകളിലെത്തിയവര്‍ക്ക് ധനസഹായമടക്കമുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ജില്ല വിട്ടത്. മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. ഭൂമി മാത്രം നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നല്‍കും.

വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചാണ് നീങ്ങുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡ് അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. ഇതിനായി പ്രത്യേക ഫീസ് ഈടാക്കില്ല. അദാലത്ത് നടത്തുന്ന തിയതി അടിയന്തരമായി തീരുമാനിക്കും.

പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കും. ജില്ലയിലെ പ്രധാന റോഡുകള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. വൈത്തിരി പോലീസ് സ്റ്റേഷന്‍ എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യം-തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ക്യാമ്പുകളില്‍ സഹായം നേരിട്ടു നല്‍കുന്നതിനു പകരം ജില്ലാ കലക്ടര്‍ മുഖേന നല്‍കണം. ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ അതീവ ശ്രദ്ധ വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.

അതേസമയം, ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് സര്‍ക്കാറിന്റെ അടിയന്തിര ധനസഹായമായി പതിനായിരം രൂപനല്‍കി. മരണപ്പെടമക്കിമല മംഗലശ്ശേരി റസ്സാഖ് ഭാര്യ സീനത്ത് എന്നിവരുടെ കുടുംബത്തിന് മാനന്തവാടി അഡീഷണല്‍ തഹസില്‍ദാര്‍ എം. ജെ.അഗസ്റ്റ്യന്‍ പുതിയിടം കുസുമഗീരി എല്‍.പി.സ്‌ക്കൂളിലെ ദുരിതശ്വസ ക്യാമ്പിലെത്തിയാണ് ധനസഹായം കൈമാറിയത്. റസാക്കിന്റെ സഹോദരി അസ്മാബീ ധനസഹായം ഏറ്റുവാങ്ങി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വിജയലക്ഷ്മി ടീച്ചര്‍.സി.പ്രസാദ്-വില്ലേജ് ഓഫീസര്‍ ദിലീപ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Wayanad
English summary
Wayanad Local News about adalat for who missed ration card during natural calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X