വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരോധനം നീങ്ങി: എടക്കല്‍ ഗുഹയിലേക്ക് വീണ്ടും സന്ദര്‍ശകരെത്തി തുടങ്ങി, ഒരു സമയം 30 പേര്‍ മാത്രം!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എടക്കല്‍ ഗുഹയിലേക്ക് വീണ്ടും സന്ദര്‍ശകരെത്തി തുടങ്ങി. മഴക്കാലത്ത് ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇത് പിന്‍വലിച്ചതോടെയാണ് വീണ്ടും എടക്കലിലേക്ക് സന്ദര്‍ശകരെത്തിത്തുടങ്ങിയിട്ടുള്ളത്. സന്ദര്‍ശകരെ നിയന്ത്രണമില്ലാതെ കടത്തിവിടുന്നത് എടക്കല്‍ ഗുഹയുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടുണ്ട്.

പാറക്കെട്ട് അടര്‍ന്നുവീണ ആദ്യ ഗുഹയില്‍ സന്ദര്‍ശനം അനുവദനീയമല്ല. മറിച്ച് രണ്ടാംവഴിയിലൂടെ ശിലാലിഖിതങ്ങളുള്ള രണ്ടാം ഗുഹ സന്ദര്‍ശിച്ച് തിരിച്ചുവരുന്ന വിധത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി 30 പേരെയാണ് ഗുഹക്കുള്ളിലേക്ക് കടത്തിവിടുന്നത്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് ഇനി മുതല്‍ സന്ദര്‍ശനസമയം. ഒരു ദിവസം പരമാവധി 1920 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

edakkalcaves-

1984ലാണ് സംസ്ഥാന പുരാവസ്തു വകുപ്പ് എടക്കല്‍ ഗുഹ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. എടക്കലിലെ വിനോദസഞ്ചാരത്തിന്റെ ചുമതല കേരള വിനോദ സഞ്ചാരവ കുപ്പിനാണ്. 1993 മുതല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ഗുഹയുടെ സംരക്ഷണച്ചുമതലയുള്ളത്. 2009 ഡിസംബര്‍ 1 മുതല്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലാണ് ഭരണച്ചുമതല നിര്‍വ്വഹിക്കുന്നത്.

2018 ആഗസ്റ്റ് 23നാണ് ഒന്നാം ഗൂഹയുടെ പ്രവേശന കവാടത്തിന് പുറത്ത് കല്ല് വീണതായും തറയില്‍ നേരിയ വിളളല്‍ രൂപപ്പെട്ടതായും കണ്ടെത്തിയത്. തുടര്‍ന്ന് വിഷയം പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തുകയും മാനന്തവാടി പഴശ്ശി കുടീരം മാനേജര്‍ അന്നേ ദിവസം എടക്കല്‍ ഗുഹാ മാനേജര്‍ക്ക് സഞ്ചാരികളെ പ്രവേശി പ്പിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതിനു പിന്നാലെ പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എടക്കല്‍ ഗുഹയില്‍ സന്ദര്‍ശനം നടത്തി. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ചെറുകിട സംരംഭകരടക്കം നേരിടുന്ന വിഷമതകളും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് എടക്കലില്‍ സന്ദര്‍ശകരെ അനുവദിക്കാനുള്ള തീരുമാനമെന്നാണ് പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു എന്നിവര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

റോക്ക് ഷെല്‍ട്ടറിന്റെ വാഹകശേഷി ശാസ്ത്രീയമായി നിര്‍ണയിക്കുന്നതിനു വിദഗ്ധ സമിതിയെ ഉടന്‍ നിയോഗിക്കും. പുരാവസ്തു, ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പു പ്രതിനിധികളും ഉള്‍പ്പെടുന്ന തായിരിക്കും വിദഗ്ധ സമിതി. അതേസമയം, ആഴ്ചകള്‍ നീണ്ട നിരോധനത്തിനൊടുവില്‍ ശനിയാഴ്ച മുതലാണ് എടക്കല്‍ ഗുഹയിലേക്കുള്ള സന്ദര്‍ശന നിരോധനം നീക്കിയത്. നിരോധനം നീക്കിയതോടെ ഇവിടേക്ക് സഞ്ചാരികളും എത്തിത്തുടങ്ങി. ചരിത്രവിദ്യാര്‍ത്ഥികളും ഗവേഷകരും വിദേശികളായ പഠിതാക്കളുമടക്കമെത്തുന്ന സംസ്ഥാനത്തെ പ്രധാന ചരിത്രശേഷിപ്പുകളിലൊന്നാണ് എടക്കല്‍ ഗുഹ. സന്ദര്‍ശന നിരോധനം നീങ്ങിയതോടെ വരുംദിവസങ്ങളില്‍ എടക്കല്‍ ഗുഹയിലേക്ക് കൂടുതല്‍ പേര്‍ എത്തിത്തുടങ്ങും. മൂന്നാഴ്ച പിന്നിട്ട നിരോധനത്തെ തുടര്‍ന്ന് ഗുഹയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധി ചെറുകിട കച്ചവടക്കാരുടെ ജീവിതം ദുരിതത്തിലായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പെട്ടന്ന് തന്നെ എടക്കല്‍ ഗുഹ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തത്.

Wayanad
English summary
wayanad local news about edakkal caves opens for tourists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X