സുല്‍ത്താന്‍ബത്തേരി നഗരത്തെ മാലിന്യവിമുക്തമാക്കും: ഉറപ്പു നല്‍കി ചെയര്‍മാന്‍ ടി എല്‍ സാബു
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ടൗണിനെ മാലിന്യരഹിത നഗരമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് നഗരസഭാ ചെയര്‍മാന്‍ ടി. എല്‍. സാബു വ്യക്തമാക്കി. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതുപോലെ നാടും നഗരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്ന മലയാളികളുടെ സ്വഭാവം മാറണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതിപ്രധാനമായിട്ടുള്ളത് പരിസര ശുചീകരണമാണ്. ആളുകളുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനമായി കാണേണ്ടത്. അതിനായി ബത്തേരിയെ ക്ലീന്‍ സിറ്റിയാക്കി മാറ്റുവാനുള്ള തീവ്രയത്‌നത്തിലാണ് നഗരസഭയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാന്തിഗിരി ആശ്രമം ബത്തേരി സ്വതന്ത്രമൈതാനിയില്‍ വെച്ച് നടത്തിയ കര്‍ക്കിടക ചികിത്സാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ: ജിസ്‌ന. സി. ജോസഫ്, ഡോ: ഹരിപ്രിയ. എസ്, ബാലന്‍ വൈദ്യര്‍ എന്നിവര്‍ സൗജന്യ വൈദ്യപരിശോധന നടത്തി. എല്ലാവിധ പകര്‍ച്ചപനികളെയും പ്രതിരോധിക്കുന്ന സിദ്ധ ഔഷധമായ സര്‍വ്വജ്വര കുടിനീരും, വേദനക്കുള്ള തൈലവും, കര്‍ക്കിടക ഔഷധ കഞ്ഞിയും പരിപാടിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്തു. മഴയായിരുന്നിട്ടും 800-ല്‍പരം ആളുകള്‍ ഔഷധ കഞ്ഞി കഴിക്കാനെത്തിയിരുന്നു. ബത്തേരി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബാബു അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

ലയണ്‍സ് ക്ലബ്ബ് അസിസ്റ്റന്റ് ക്യാബിനററ് സെക്രട്ടറി എം.എം. യോഹന്നാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി. വൈ. മത്തായി, ശാന്തിഗിരി ആശ്രമം വയനാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സുധാകരന്‍. വി.കെ, ഏരിയ മാനേജര്‍ എന്‍. ശിവാനന്ദന്‍, ശാന്തിഗിരി മാതൃമണ്ഡലം ഏരിയ കോര്‍ഡിനേറ്റര്‍ സില. പി.കെ, ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം ഏരിയ കോര്‍ഡിനേറ്റര്‍ എം. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ ശാന്തിഗിരി ഹോസ്പിറ്റലിന്റെയും, ബത്തേരി വനിത ചാരിറ്റബിള്‍ സൊസൈറ്റിയുടെയും പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications