വന്യജീവി ആക്രമണം: പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രിമാര്‍ മരിച്ചവരുടെ വീട്ടിലെത്തി, വൈകാരിക പ്രതികരണം
കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തെ തണുപ്പിക്കാന്‍ ചൊവ്വാഴ്ച്ച ജില്ലയിലെത്തി മന്ത്രിമാര്‍. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലും മന്ത്രിസംഘമെത്തി. എംബി രാജേഷ്, കെ രാജന്‍, എകെ ശശീന്ദ്രന്‍ എന്നിവരാണ് അജീഷിന്റെ വീട്ടിലെത്തിയത്. കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷ്, ലക്ഷ്മണന്‍, തങ്കച്ചന്‍ എന്നിവരുടെ വീടുകളാണ് സന്ദര്‍ശനം നടത്തിയത്. പരിക്കേറ്റവരുടെ വീടുകളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.
അജീഷിന്റെ മക്കള്‍ വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചത്. മനുഷ്യനേക്കാള്‍ വില മൃഗങ്ങള്‍ക്കാണെങ്കില്‍ വോട്ടിനായി കാട്ടിലേക്ക് പോകൂ എന്നായിരുന്നു അജീഷിന്റെ മകന്റെ പ്രതികരണം. മനുഷ്യനെ കൊന്ന മൃഗത്തെ കൊല്ലാന്‍ നിയമമില്ലെങ്കില്‍ എല്ലാ മനുഷ്യരെയും കൊല്ലാന്‍ മൃഗങ്ങളെ നാട്ടിലേക്ക് വീടൂ, എന്നിട്ട് വോട്ടിന് സമയമാകുമ്പോള്‍ കാട്ടിലേക്ക് പൊയ്‌ക്കോളൂവവെന്നുമായിരുന്നു അലന്‍ മന്ത്രിമാരോട് പറഞ്ഞത്. വനപാലകര്‍ക്ക് തോക്ക് നല്‍കി അവരുടെ ജീവന്‍ രക്ഷിക്കാന്‍ നടപടി ഉണ്ടാവണമെന്നും മകള്‍ അല്‍ന ആവശ്യപ്പെട്ടു.

അതേസമയം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വനംമന്ത്രിക്ക് നേരെ സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് കരിങ്കൊടി പ്രതിഷേധവുമുണ്ടായി. പ്രജീഷിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ നഷ്ടപരിഹാര തുകയില്‍ നല്‍കാനുള്ള അഞ്ച് ലക്ഷം രൂപ കൂടി കൈമാറി. ഇതിനിടെ വയനാട്ടില്‍ വന്യജീവി ശല്യത്തെ തുടര്‍ന്നുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ അമ്പത്താറില്‍ കടുവ ഭീഷണി രൂക്ഷം. ജനവാസ മേഖലയില്‍ നിന്ന് കടുവ മാറുന്നില്ല. നാട്ടുകാര്‍ ഒന്നടങ്കം പുറത്തിറങ്ങാന്‍ പോലും പറ്റാതെ ഇരിക്കുകയാണ്.
അതേസമയം വീടിനുള്ളില്‍ ശുചിമുറി പോലുമില്ലാത്തവരാണ് ഏറ്റവും ബുദ്ധിമുട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ അമ്പത്താറിലെ വാഴയില്‍ വെച്ചാണ് ഒരു സ്ത്രീ കടുവയെ കണ്ട് പേടിച്ചോടിയത്. തൊട്ടടുത്ത തോട്ടത്തിലാണ് ഇവര്‍ കടുവയെ കണ്ടെത്തി. ഇവരെ കണ്ടതോടെ കടുവ മറ്റൊരു തോട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു മൂരിയെയും കടുവ കൊന്നിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് അനീഷ് എന്ന യുവാവ് കടുവയെ കണ്ട് ബൈക്കുമായി റോഡില്‍ വീണത്. അന്നേ ദിവസം പുലര്‍ച്ചെ തൊഴുത്തില്‍ കെട്ടിയ കിടാവിനെ കടുവ കൊന്നു. അതേസമയം കടുവയെ തുരത്താന്‍ പടക്കം പൊട്ടിച്ചും, ബഹളമുണ്ടാക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ കടുവ സമീപത്തെ തോട്ടങ്ങളിലൂടെ കറങ്ങി നടക്കുകയാണ്. വനപാലകര്‍ കൂട് സ്ഥാപിച്ചെങ്കിലും കടുവ അതിലൊന്നും വീഴാതെ അടുത്ത സ്ഥലത്തേക്ക് മാറിപ്പോവുകയാണ്.
കഴിഞ്ഞ ദിവസം വനാപലക സംഘം ഇവിടെയെത്തിയിരുന്നു. കടുവ നിരങ്ങിയിറങ്ങിയ സ്ഥലവും കാല്‍പ്പാടുകളുമെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെക്കാനുള്ള എല്ലാ കരുതലുകളും വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. തോട്ടങ്ങള്‍ വിവിധ സംഘങ്ങള്‍ പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. മയക്കുവെടിക്കുള്ള അനുമതി നേരത്തെ ലഭിച്ചതാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications