കാട്ടാന ആക്രമണം: പോളിന്റെ മൃതദേഹവുമായി പ്രതിഷേധം; പുൽപ്പള്ളി ടൗണിൽ നൂറുകണക്കിന് ആളുകൾ
മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചു. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. നൂറ് കണക്കിന് പേരാണ് ഇവിടെ എത്തിയിരിക്കുന്ന്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചാൽ മാത്രമെ മൃതദേഹം നഗരത്തിൽ നിന്ന് വീട്ടിലേക്ക് മാറ്റൂ എന്ന് നിലപാടിലാണ് പ്രതിഷേധക്കാർ.
പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതി തള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കും തുടർനടപടികൾക്കുമായി 10 അംഗം കമ്മിറ്റി രൂപീകരിച്ചു. മൃതദേഹം വിലാപ യാത്രയായി പാക്കത്തെ വീട്ടിലെത്തിക്കും . പോളിന്റെ വീടിന് മുന്നിൽ വൻ ജനാവലി തന്നെയുണ്ട്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്.

ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിലാണ് മൃതദേഹം പുൽപ്പള്ളിയിൽ ആംബുലൻസിൽ എത്തിച്ചത്. സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വയനാട് കളക്ടറേറ്റിന് മുന്നിൽ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ തന്നെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.
ഇന്നലെ രാവിലെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. പോൾ കാട്ടാനയെ കണ്ട് ഭയന്നോടുകയായിരുന്നു. പോളിന്റെ പിറവെ ഓടിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചത്ത് ചവിട്ടുകയായിരുന്നു. പോളിന്റെ വാരിയെല്ലുകൾ അടക്കം തകർന്ന് പോയിരുന്നു. കുറുവ ദ്വീപ് വന സംരക്ഷണ സമിതി ജീവനക്കാരനായിരുന്നു പോൾ.
ജോലിക്ക് പോകും വഴിയാണ് ആനയുടെ മുന്നിൽ പെട്ടത്. വീണ പോളിന്റെ നെഞ്ചത്ത് ആന ചവിട്ടുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അടിയന്തര ശസ്ത്രക്രിയ നടയത്തിന് ശേഷമാണ് കോഴിക്കോട് മെഡിക്കൾ കോളേജിലേക്ക് മാറ്റിയത്.
അതേ സമയം വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യൂ, വനംവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20 ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിവനിധികൾ ഉൾപ്പെടെ മുഴുവൻ ജന പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും












Click it and Unblock the Notifications