വയനാട്ടില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു, 2 പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വയനാട്: വയനാട് ജില്ലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ന് രാവിലെ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ അധികൃതരെത്തി പരിശോധന നടത്തുകയും ചെയ്തു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം തൊണ്ടര്‍നാട് നാളെ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. കൃഷിയിടത്തില്‍ വെച്ചാണ് തോമസിനെ കടുവയെ ആക്രമിക്കുന്നത്.

ഈ പ്രദേശം വനമേഖലയല്ല. അതിനാല്‍ തന്നെ കടുവയുടെ ആക്രമണത്തില്‍ അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. തോമസിന്റെ മരണത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധത്തിലുമാണ്. അധികൃതരുടെ ഭാഗത്തെ നിസംഗത ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.
സംഭവസ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടയുകയും ചെയ്തു. മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളുവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ആശ്രിതര്‍ക്ക് ഉടന്‍ നല്‍കും.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആണ് തോമസിന് കടുവയുടെ ആക്രമണമേല്‍ക്കുന്നത്. കൈക്കും കാലിനും പരിക്കേറ്റ തോമസിനെ ആദ്യം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയാഘാതമുണ്ടായാണ് തോമസ് മരിക്കുന്നത്.
തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ പ്രദേശത്ത് കടുവയെ കണ്ടിരുന്നു. ഇവര്‍ വനപാലകരെ വിവരം അറിയിച്ചത് പ്രകാരം കടുവക്കായി തെരച്ചില്‍ നടക്കുകയായിരുന്നു. ഇതിനിടെ ആണ കടുവ തോമസിനെ ആക്രമിക്കുന്നത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications