വന്യജീവി ശല്യം: ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകവും
ബന്ദിപ്പൂര്‍: വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ യോഗം പൂര്‍ത്തിയായി. അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ കേരളവും കര്‍ണാടകവും ഒപ്പുവെച്ചു. യോഗത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍, കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്‌നാട്ടില്‍ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിര്‍ന്ന വനം ഉദ്യോഗസ്ഥന്‍ എന്നിവരും മൂന്ന് സംസ്ഥാനങ്ങളിലെ മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വന്യമൃഗ ശല്യം തടാന്‍ ഏതെല്ലാം തലത്തില്‍ സഹകരണം സാധ്യമാകുമെന്നുമാണ് യോഗം വിലയിരുത്തിയത്. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായിട്ടാണ് കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ടത്.

അതേസമയം തമിഴ്‌നാട് വനം മന്ത്രി എം മതിവേന്ദന്‍ യോഗത്തില്‍ എത്തിയിരുന്നില്ല അതുകൊണ്ട് ഒപ്പിട്ടിട്ടില്ല. എന്നാല്‍ മന്ത്രി വന്നില്ലെങ്കിലും തമിഴ്‌നാടും കരാറിന്റെ ഭാഗമായിരിക്കും. പ്രധാനമായും വിഭവവിവര കൈമാറ്റങ്ങളാണ് ഉടമ്പടിയില്‍ പ്രാമുഖ്യം നല്‍കുക. വന്യജീവി ആക്രമണമുണ്ടാക്കുന്ന ഇടങ്ങളില്‍ സംയുക്തമായി അതിവേഗത്തില്‍ ദൗത്യങ്ങള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
അതേസമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നോഡല്‍ ഓഫീസര്‍മാരെ ഇതിനായി നിയമിക്കും. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മൂന്ന് സംസ്ഥാനങ്ങളും ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കും. അന്തര്‍ സംസ്ഥാന ഏകോപന സമിതി വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബന്ദിപ്പൂര്‍, മുതുമലൈ, നാഗര്‍ഹോളെ, വയനാട് വന്യജീവി സങ്കേതങ്ങള്‍ മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതാണ്. ഇവിടെ നിന്ന് കാട്ടാനകള്‍ വിവിധ ഭാഗങ്ങളിലൂടെ നാട്ടിലിറങ്ങുന്നുണ്ട്. ഈ സാഹചര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബേലൂര്‍ മഖ്‌നയുണ്ടാക്കിയ വ്യാപക അക്രമങ്ങള്‍ക്ക് പിന്നാലെയാണ് യോഗം ചേരാന്‍ തീരുമാനിച്ചത്.
കേന്ദ്ര സഹായം വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിനായി കിട്ടുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡഡ്രെ ആരോപിച്ചു. റെയില്‍ ഫെന്‍സിംഗിനാണ് സഹായം ആവശ്യം. അത് ലഭിക്കുന്നില്ല. പിന്നെങ്ങനെയാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
വന്യജീവി നിയമത്തില്‍ കാര്യമായ മാറ്റം ആവശ്യമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് എല്ലാ അധികാരങ്ങളും നല്‍കിയെന്നാണ് പ്രചാരണം. എന്നാല്‍ പല മാനദണ്ഡങ്ങളും അവര്‍ പാലിക്കേണ്ടതുണ്ട്.
ജനങ്ങളെ സഹായിക്കുന്നതിന് കേന്ദ്രമാണ് നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരേണ്ടത്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് ഫണ്ട് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. ഫണ്ടില്ല എന്നത് കേരളത്തിന്റെ മാത്രം പ്രതിസന്ധിയല്ല. കര്‍ണാടകവും തമിഴ്‌നാടും ഇതേ പ്രശ്‌നം അനുഭവിക്കുകയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications