യുഎഇ ക്കാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകും;ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷത്തെ വിസ അനുവദിക്കും
ദുബായ്: ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ കരുത്ത് പകരുന്ന കാഴ്ചയാണ് ലോക രാജ്യങ്ങള്‍ കണ്ട് കൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യവ്യാപാര ഉടമ്പടികളില്‍ വന്ന മാറ്റങ്ങളുടെ പ്രയോജനം രണ്ടു രാജ്യക്കാര്‍ക്കും ഏറെ ഗുണം ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യയിലേക്ക് എത്തുന്ന യുഎഇ പൗരന്മാര്‍ക്കും, യുഎഇ റെസിഡന്‍സ് വിസയിലുള്ള മറ്റ് രാജ്യക്കാര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി യുഎഇ ലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സൂരി അറിയിച്ചു. ദുബായ് കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനു പുറമെ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധമാണ് യുഎഇ ആഗ്രഹിക്കുന്നത്. 2015 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിനു പിന്നാലെ, ഒരു വര്‍ഷത്തിനിടെ രണ്ട് തവണയാണ് അബുദാബി കിരീടാവകാശി ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇതു ചരിത്ര നേട്ടമായാണ് ഇന്ത്യ കാണുന്നത്. യുഎഇ യുമായി കൂടുതല്‍ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുവാനും മികച്ച സഹകരണ കരാറുകളില്‍ ഒപ്പ് വെക്കുവാനും ഇക്കാലയളവില്‍ സാധിച്ചതായും ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു.
യുഎഇ ല്‍ അടുത്ത കാലത്തായി അരങ്ങേറിയ ഗള്‍ഫുഡ്, ഐഡക്‌സ് പോലുള്ള പ്രദര്‍ശന മേളകളില്‍ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം ശ്രദ്ദേയമാണ്. ഇത്തവണ 259 കമ്പനികളാണ് ഇന്ത്യയില്‍ നിന്നുമാത്രം ഗള്‍ഫുഡില്‍ പങ്കെടുത്തത്. ഇത്രയധികം കമ്പനികള്‍ പങ്കെടുക്കുന്നത് ഇതാദ്യമായിട്ടാണെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പ്രത്യേക പവലിയനുകള്‍ ഇത്തരം പ്രദര്‍ശന മേളകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാരുടെ ക്ഷേമത്തിനായാണ് ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റും പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സേവനങ്ങള്‍ നല്‍കുന്നതിനായുള്ള മികച്ച സജ്ജീകരണങ്ങള്‍ ഇവിടങ്ങളില്‍ ഒരുക്കിയിട്ടുമുണ്ട്. എങ്കിലും ചില സമയങ്ങളില്‍ ചെറിയ രീതിയിലുള്ള പരാതികള്‍ ലഭിക്കാറുണ്ട്. ജനങ്ങള്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ച് മികച്ച സേവന കേന്ദ്രമായി എംബസിയെ മാറ്റിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. യെമന്‍ പോലുള്ള ആഭ്യന്തര കലഹം രൂക്ഷമായിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യാ ഗവര്‍മെന്റ് തങ്ങളുടെ പൗരന്മാരോട് എപ്പോഴും ആവശ്യപ്പെടാറുണ്ട്.
എന്നാലും ചിലരൊക്കെ ഇത്തരം രാജ്യങ്ങളിലേക്ക് പോകുന്നതായി വിവരം ലഭിക്കുന്നു. ചിലപ്പോള്‍ ചെറിയ ചില സാമ്പത്തീക നേട്ടത്തിനായിരിക്കും ഇത്രയും വലിയ അപകട സാധ്യത സ്വയം ഏറ്റെടുത്ത് ആഭ്യന്തര കലഹം അരങ്ങേറുന്ന രാജ്യങ്ങളിലേക്ക് തൊഴില്‍പരമായി യാത്ര ചെയ്യുന്നത്. എന്നാല്‍ അവിടങ്ങളില്‍ എത്തിപ്പെടുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അവരെ സ്വദേശത്തേക്ക് എത്തിക്കുവാനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും സര്‍ക്കാറിനു ഏറെ പരിമിതികളുണ്ട്. അത്‌കൊണ്ട് തന്നെ അത്തരം രാജ്യങ്ങളിലേക്കുള്ള യാത്ര ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണമെന്നും അംബാസിഡര്‍ അറിയിച്ചു. സ്ഥലം മാറിപ്പോകുന്ന ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications