ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജൂലൈ 21 വരെ വിലക്ക് തുടരും; പ്രതികരണവുമായി ഇത്തിഹാദ്
അബുദാബി: പ്രവാസികളുടെ യുഎഇ യാത്രാ മോഹം ഇനിയും വൈകിയേക്കുമെന്ന് സൂചന. ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനങ്ങളുടെ വിലക്ക് തുടരുമെന്ന് അബുദാബി കേന്ദ്രമായുള്ള വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. ട്വിറ്ററില്‍ ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കമ്പനി ഇങ്ങനെ പ്രതികരിച്ചത്. ഇന്ത്യ-യുഎഇ വിമാനയാത്ര സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് പ്രവാസി യാത്രക്കാരന്‍ തേടിയത്.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീക്കിയിട്ടില്ല. ജൂലൈ 21 വരെ തുടരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം എന്നാണ് കമ്പനിയുടെ മറുപടി. കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും മറുപടിയിലുണ്ട്. എന്നുമുതല്‍ യുഎഇ-ഇന്ത്യ യാത്രാ വിമാന സര്‍വീസ് ആരംഭിക്കുമെന്ന കാര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശങ്ക നിലനില്‍ക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസിനുള്ള വിലക്ക് തുടരുമെന്നാണ് യുഎഇ വ്യോമയാന അതോറിറ്റി അറിയിച്ചത്.

എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ദുബായ് കേന്ദ്രമായുള്ള വിമാന കമ്പനിയായ എമിറേറ്റ്‌സ് പ്രതീക്ഷ നല്‍കുന്ന പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ജുലൈ 7 മുതല്‍ യാത്രാ വിമാനം ആരംഭിക്കുമെന്ന സൂചനയാണ് അവര്‍ നല്‍കിയത്. നിലവില്‍ ജൂലൈ ആറ് വരെയാണ് നിരോധനം പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യയില്‍ കൊറോണ രോഗം കുറഞ്ഞ സാഹചര്യത്തില്‍ ഇളവുണ്ടോ എന്നാണ് യാത്രയ്ക്കാര്‍ക്ക് അറിയേണ്ടത്.
ഇതിനിടെയാണ് ജൂലൈ 7 മുതല്‍ യാത്ര ആരംഭിച്ചേക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചത്. സര്‍ക്കാരിന്റെ പുതിയ യാത്രാ നിര്‍ദേശങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കുമായി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ അബൂദാബിയിലേക്കുള്ള വിമാന യാത്ര ഇനിയും വൈകുമെന്ന സൂചനയാണ് ഇത്തിഹാദ് കമ്പനി നല്‍കുന്നത്. ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നീട് ഘട്ടങ്ങളായി നീട്ടുകയായിരുന്നു. ഏറ്റവും ഒടുവില്‍ ജൂലൈ 6 വരെ നിരോധനം തുടരുമെന്നാണ് വിവരം.












Click it and Unblock the Notifications