യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പോയ ജംഷീര്‍ എങ്ങനെ ഹൈദരാബാദിലെത്തി? മകനെ തേടി കുടുംബം
മലപ്പുറം: എറണാകുളത്ത് നിന്ന് ഇന്റര്‍വ്യൂ കഴിഞ്ഞ് യുഎഇയിലേക്ക് പോയതാണ് 24കാരനായ ജംഷീര്‍. അജ്മാനില്‍ സെയില്‍സ്മാനായി താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് കമ്പനി വിസ ശരിയായതും വിസിറ്റിങ് വിസ മാറ്റാന്‍ ഒമാനിലേക്ക് പോയതും. എടപ്പാളിനടുത്ത നെല്ലിശേരി മുക്കടേക്കാട്ട് ജംഷീറിന്റെ കുടുംബത്തിന് അതുവരെയുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ട്. പക്ഷേ, പിന്നീട് ജംഷീറിനെ ആരും കണ്ടിട്ടില്ല.
മകന്‍ എവിടെയാണുള്ളത്, എങ്ങനെയാണ് ജീവിക്കുന്നത് എന്നൊക്കെ അറിയാനുള്ള പിതാവ് അബ്ദുല്‍ ലത്തീഫിന്റെ അവകാശം സാധിച്ചുകൊടുക്കേണ്ടത് ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവരാണ്. ചങ്ങരംകുളം പോലീസില്‍ ലത്തീഫ് പരാതി നല്‍കിയിരുന്നു. കാര്യമായ അന്വേഷണം നടന്നില്ല. ശേഷം മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് സൂുപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച കാര്യങ്ങള്‍ മറ്റു ചിലതാണ്.

അബ്ദുല്‍ ലത്തീഫ് വണ്‍ഇന്ത്യ മലയാളത്തോട് മകനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ''നേരത്തെ എറണാകുളത്തായിരുന്നു ജംഷീര്‍ ജോലി ചെയ്തിരുന്നത്. ഊരാളുങ്കല്‍ സൊസൈറ്റുമായി ബന്ധപ്പെട്ടായിരുന്നു ജോലി. കഴിഞ്ഞ വര്‍ഷമാണ് എറണാകുളത്ത് ഗള്‍ഫ് ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതും യുഎഇയിലേക്ക് പോയതും. വിസിറ്റിങ് വിസയില്‍ യുഎഇയിലേക്ക് പോയ ജംഷീറിന് അജ്മാനില്‍ സെയില്‍സ്മാനായിട്ടായിരുന്നു താല്‍ക്കാലിക ജോലി.
രണ്ട് മാസത്തെ വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞ ജനുവരിയില്‍ തീര്‍ന്നതിനാല്‍ വിസ പുതുക്കി. ഇതിന് വേണ്ടി മസ്‌ക്കത്തില്‍ പോയി വരേണ്ടതുണ്ടെന്ന് ജംഷീര്‍ കുടുംബത്തെ അറിയിച്ചിരുന്നു. രണ്ടാമത്തെ വിസിറ്റിങ് വിസാ കാലാവധി മാര്‍ച്ചില്‍ തീര്‍ന്നു. വിസ പുതുക്കാന്‍ വീണ്ടും മസ്‌ക്കത്തിലേക്ക് പോകുമെന്നാണ് കുടുംബത്തെ ജംഷീര്‍ അറിയിച്ചത്.
രണ്ട് തവണ വിസിറ്റിങ് വിസ പുതുക്കാന്‍ ഒമാനില്‍ പോയി എന്നാണ് കുടുംബത്തിന് ജംഷീറില്‍ നിന്ന് ലഭിച്ച വിവരം. ജനുവരിയില്‍ മൂത്ത സഹോദരന്‍ നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് യുഎഇയിലെത്തിയപ്പോള്‍ ജംഷീറിനെ കണ്ടിരുന്നു. രണ്ടാം തവണ വിസ പുതുക്കാന്‍ പോകുന്ന വേളയില്‍ ഒരു കമ്പനി ജോലി ശരിയായിട്ടുണ്ടെന്നു ജംഷീര്‍ കുടുംബത്തെ ടെക്‌സ്റ്റ് മെസ്സേജായി അറിയിച്ചിരുന്നു.
ഒമാനില്‍ രണ്ടാഴ്ച നില്‍ക്കേണ്ടി വരുമെന്നും അതിന് ശേഷമേ ഇനി വിളിക്കൂ എന്നും ജംഷീര്‍ പറഞ്ഞിരുന്നു. പിന്നീട് വിളിച്ചില്ല. മെസ്സേജും വന്നില്ല. റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ അജ്മാനില്‍ ജംഷീര്‍ താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷിച്ചിരുന്നു. ജംഷീര്‍ പറഞ്ഞ കമ്പനിയിലും അന്വേഷിച്ചു. യുഎഇയില്‍ എമിഗ്രഷന്‍ ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് മാര്‍ച്ച് 22ന് ജംഷീര്‍ ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയി എന്ന വിവരം ലഭിച്ചത്.

മാര്‍ച്ച് അവസാന വാരം ജംഷീര്‍ ഹൈദരാബാദില്‍ എത്തി എന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന വിശദമായ അന്വേഷണത്തില്‍ പോലീസിന് ലഭിച്ച വിവരം. പോലീസ് ഹൈദരാബാദിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആദ്യതവണ വിസിറ്റിങ് വിസ കഴിഞ്ഞ ജനുവരിയില്‍ ജംഷീര്‍ കരിപ്പൂരിലെത്തി ഒരാഴ്ച താമസിച്ചുവെന്ന വിവരവും പോലീസിന് ലഭിച്ചു. എന്നാല്‍ ജംഷീര്‍ എവിടെ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.
യുഎഇയില്‍ എമിഗ്രേഷനില്‍ അന്വേഷിച്ചപ്പോള്‍ മാര്‍ച്ചിന് ശേഷം ജംഷീര്‍ തിരിച്ചുവന്നിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്. പോലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം തേടി അബ്ദുല്‍ ലത്തീഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍ക്കാരിനോടും സിബിഐയോടും വരുന്ന ജനുവരി 10നകം പ്രതികരണം അറിയിക്കണം എന്നാണ് കോടതി നിര്‍ദേശം''. മകനെ കുറിച്ചുള്ള വിവരം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ലത്തീഫും ഭാര്യ ബുഷ്‌റയും.












Click it and Unblock the Notifications