3000 പ്രവാസി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി, നാടുകടത്തലിനും സാധ്യത..!!; നടപടിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി: മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിയുമായി കുവൈത്ത് ഭരണകൂടം മുന്നോട്ട്. പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നടപടിയില്‍ ഇതിനോടകം 3000 ത്തോളം പ്രവാസി ലൈസന്‍സുകളാണ് റദ്ദാക്കിയത് എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നടപടിയുടെ രണ്ടാം ഘട്ടം തുടങ്ങിയ ആദ്യ ആഴ്ചയിലാണ് ഇത്രയും ലൈസന്‍സ് റദ്ദാക്കിയത് എന്നത് ശ്രദ്ധേയമാണ്.
പ്രവാസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഫയലുകള്‍ വീണ്ടും പരിശോധിക്കാന്‍ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിന്റെ നടപടി. ആദ്യ ആഴ്ചയില്‍ തന്നെ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ബ്ലോക്ക് ചെയ്യുകയും പിന്‍വലിക്കാന്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

വര്‍ക്ക് പെര്‍മിറ്റിലെ മാറ്റം മൂലമാണ് മിക്ക പ്രവാസികളുടേയും ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. നിലവിലെ തൊഴില്‍ മേഖലയിലെ മാറ്റം കാരണം തൊഴിലിന്റെയോ ശമ്പളത്തിന്റെയോ അടിസ്ഥാനത്തില്‍ ഉള്ള മാനദണ്ഡം ലംഘിക്കപ്പെട്ടു എന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരത്തിലുള്ള എല്ലാ ലൈസന്‍സുകളും അവലോകനം ചെയ്യാന്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും എടുക്കും.

ലംഘനം കണ്ടെത്തുന്ന ലൈസന്‍സ് ഉടമകളെ വിളിപ്പിക്കുകയും ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്യുകയാണ്. ഏതെങ്കിലും വ്യക്തി ലൈസന്‍സ് കൈമാറിയില്ലെങ്കില്‍ കുവൈത്ത് മൊബൈല്‍ ഐഡി വഴിയും സഹേല്‍ ആപ്ലിക്കേഷന്‍ വഴിയും അത് ബ്ലോക്ക് ചെയ്യും എന്നാണ് അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിട്ടും ഇയാള്‍ വാഹനമോടിച്ചെന്ന് കണ്ടെത്തിയാല്‍ നിയമപ്രകാരം നടപടിയെടുക്കും.

കൂടാതെ ഇത്തരക്കാരെ നിയമം പാലിക്കാത്തതിന് കുവൈത്തില്‍ നിന്ന് നാടുകടത്തുകയും ചെയ്യും. കുവൈത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കണം എന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും.

ലൈസന്‍സ് രജിസ്റ്റര്‍ അനുസരിച്ച് കുവൈത്തില്‍ ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 800,000 ലൈസന്‍സുകള്‍ പ്രവാസികളാണ് നേടിയിട്ടുള്ളത്. ഏകദേശം 22 ലക്ഷം വാഹനങ്ങള്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ രേഖകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്.

ഡ്രൈവിംഗ് ലൈസന്‍സുകളുടെ സൂക്ഷ്മപരിശോധന 2022 ഒക്ടോബര്‍ പകുതിയോടെ ആണ് കുവൈറ്റില്‍ ആരംഭിച്ചത്. ഈ വര്‍ഷം 100,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഡ്രൈവിംഗ് ലൈസന്‍സ് നേടിയതായി കണ്ടെത്തിയാല്‍, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റാബേസില്‍ നിന്ന് അവരുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും.

പഴയ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ചിലത് ഇപ്പോഴും സാധുതയുള്ളതോ കാലഹരണപ്പെട്ടതോ ആയതിനാല്‍ അവ പുതുക്കുന്നതിനോ പുതിയ ലൈസന്‍സ് എടുക്കുന്നതിന് പല ഉടമകളും അപേക്ഷിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഒരു ലക്ഷത്തോളം ലൈസന്‍സുകള്‍ ഉണ്ട്. ഇത്തരക്കാരുടെ ലൈസന്‍സും റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ 8000 ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കാണിത്. ശമ്പളം, തൊഴില്‍, യൂണിവേഴ്സിറ്റി ബിരുദം എന്നിവ അടിസ്ഥാനമാക്കി പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനു ഗതാഗത വകുപ്പ് ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പഠനാവശ്യത്തിന്നായി ലൈസന്‍സ് നേടുകയും, പിന്നീട് ആ കാറ്റഗറിയില്‍ നിന്നും മാറുകയും ചെയ്തവര്‍, സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി പുറത്ത് ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍, എന്നിവരുടെയും ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സുകളില്‍ നല്ല പങ്ക് വരും.

പുറത്തുവിട്ട കണക്കുകളില്‍ ശാരീരിക വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി അമ്പതോളം സ്വദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളും ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള പത്ത് വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളുടെ എണ്ണം വെട്ടി കുറക്കാനും പ്രത്യേക കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications